KOYILANDY DIARY

The Perfect News Portal

ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: മന്ത്രി ആന്റണി രാജു

ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടണം. ഈ മാസം 5 മുതല്‍ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. 694 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര, നിലമേല്‍ ഭാഗത്താണ് രണ്ട് കാമറകള്‍ പുതുതായി പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 80,743 കുറ്റ കൃത്യങ്ങളാണ് കെല്‍ട്രോണ്‍ പരിശോധിച്ച് തന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും 19,790 കുറ്റകൃത്യങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 6153 പേര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍ സീറ്റില്‍ ഡ്രൈവരെ കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്.

അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം റോഡപകട മരണങ്ങള്‍ കുറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. റോഡ് അപകട മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 5-ാം തീയ്യതി 8 പേരും 6 ന് 5 പേരും, 7 ന് 9 പേരും, 8 ന് 6 പേരുമാണ് റോഡപകടങ്ങളില്‍ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കെല്‍ട്രോണിനോട് ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisements