KOYILANDY DIARY.COM

The Perfect News Portal

പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ പൊന്നോണ നാളിൽ ആദരിച്ചു

തിക്കോടി: പാലൂർ എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. ചവിട്ടുപടികൾ താണ്ടി വിജയത്തിൻറെ നെറുകയിൽ എത്തി നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെയാണ് പൊന്നോണ നാളിൽ ആദരിച്ചത്. സ്കൂളിൽ വെച്ചു നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രേഷ്മ രാജേഷ് അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നത് നവവിദ്യാർഥികൾക്കുള്ള പ്രചോദനം ആകണമെന്നും, വിജയത്തിലേക്കുള്ള വെട്ടമായത് മാറണമെന്നും മുഖ്യാതിഥിയായ എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി ഷക്കീല, മുൻ പ്രധാന അധ്യാപിക ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.
നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എം.ബി.ബി.എസ് പ്രവേശനം ലഭിച്ച പാർവ്വണ വി.എച്ച്, പ്ലസ് ടു ജേതാവ് ഋതു പർണദേവ്, എൽ.എസ്.എസ് പരീക്ഷയിൽ മികവ് നേടിയ മുഹമ്മദ് ജലാൽ, തന്മയ ബി.ആർ, എസ്.എസ്.എൽ.സി പരീക്ഷയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച അഞ്ചൽ കെ.എസ്, അവനീത് കെ.എസ്, കൃഷ്ണാനന്ദ കെ., ലുലു സഹീർ, റിദാൻ മുനീർ ടി.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപിക വീണ ഗംഗാധരൻ സ്വാഗതം പറഞ്ഞു. 
Share news