ഇ പി ജയരാജനെതിരായ ആരോപണത്തിൽ കഴമ്പില്ല; മുഖ്യമന്ത്രി

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എമ്മിനെയും എൽഡിഎഫിനെയും ഉന്നംവച്ചുള്ള തെറ്റായ പ്രചാരണമാണിത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പലപ്പോഴും ഇത്തരം തെറ്റായ പ്രചാരണങ്ങൾ ചിലർ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ഇതിനെയും ജനങ്ങൾ കാണൂ. വോട്ടുചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജയരാജൻ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമാണ്.

ഏതു കമ്യൂണിസ്റ്റുകാരനും ആവേശമുണർത്തുന്നതാണ് അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവർത്തനം. കെ സുരേന്ദ്രനും കെ സുധാകരനും എപ്പോഴും ഒരേരീതിയിലാണ് പ്രചാരണം നടത്തുന്നത്. ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃനിര ഒരേമനസ്സോടെ അണിനിരക്കുന്നതാണ് മുന്നനുഭവം. എല്ലാവരുമായും നല്ല സൗഹൃദബന്ധം പുലർത്തുന്നതാണ് ഇ പി ജയരാജന്റെ രീതി. ഇത്തരം കൂട്ടുകെട്ടുണ്ടാക്കുന്നതിൽ ജാഗ്രത വേണം. ഉറക്കപ്പായയിൽനിന്ന് എഴുന്നേൽക്കുമ്പോൾതന്നെ, ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിക്കുന്നവരുണ്ട്.

അത്തരക്കാരുമായി കൂട്ടുകെട്ട്, ലോഹ്യം അല്ലെങ്കിൽ അതിരുകവിഞ്ഞ സ്നേഹബന്ധം ഒക്കെ ഉപേക്ഷിക്കണം. ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നത് നേരത്തേതന്നെയുള്ള അനുഭവമാണ്. കേരളത്തിൽ ഏറ്റവുമധികം സംശയകരമായൊരു സാഹചര്യത്തിൽ നിൽക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായിവരാൻ കഴിഞ്ഞുവെന്നതും കാണേണ്ടതാണ്. ആ മനുഷ്യനാണെങ്കിൽ, എങ്ങനെയായാലും പണം കിട്ടണം എന്ന ചിന്തമാത്രം ഉള്ളയാളാണ്. അത്തരം ആളുമായിട്ടുള്ള ബന്ധം പാടില്ല.

പ്രകാശ് ജാവ്ദേക്കറെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. ഒരു രാഷ്ട്രീയനേതാവ് വരുമ്പോൾ കാണാതിരിക്കേണ്ട ആവശ്യമെന്ത്. താനും ഒരു പൊതുപരിപാടിക്കിടെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഘട്ടത്തിൽതന്നെ ‘നിങ്ങൾ നിങ്ങളുടെ പരമാവധി ശ്രമം നടത്തുകയാണല്ലോ, നമുക്ക് കാണാം’ എന്നു പറഞ്ഞു. കാണാം എന്നു പറഞ്ഞാൽ സീറ്റൊന്നും കിട്ടാൻപോകുന്നില്ല എന്നുതന്നെ. ആ സംസാരമെല്ലാം ശത്രുതയിലല്ല. അത്തരത്തിൽ ആളുകളുമായി സംസാരിക്കുന്നതിൽ തെറ്റില്ല.

സിപിഐ എം –-ബിജെപി അന്തർധാരയുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ഗോൾവാൾക്കറുടെ മുന്നിൽ താണുവണങ്ങിയവർക്കേ അന്തർധാരയുണ്ടാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി മറുപടി നൽകി. എല്ലാക്കാലത്തും വർഗീയശക്തികൾക്കെതിരെ ഉറച്ച തീരുമാനമെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. ബിജെപിയോട് അന്തർധാരയുണ്ടാക്കുന്നത് കോൺഗ്രസുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
