പ്രവാസിക്ക് നേരെയുള്ള വധ ശ്രമം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം: പ്രവാസിലീഗ്

മേപ്പയൂർ : പ്രവാസിക്ക് നേരെയുള്ള വധ ശ്രമം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസിലീഗ് ആവശ്യപ്പെട്ടു. അരിക്കുളം യുപി സ്കൂളിനും ജുമാഅത്ത് പള്ളിക്കും സമീപത്തായുള്ള കടയിൽ നിന്നും ആക്രമികൾ മദ്യപിക്കാൻ ശ്രമിച്ചപ്പോൾ കടയിൽ നിന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിൽ ക്ഷുഭിതരായ മൂവർ സംഘം കടയിൽ ഉണ്ടായിരുന്ന പലചരക്ക് സാധനങ്ങളും പഴക്കുലകളും നശിപ്പിക്കുകയും ബേക്കറി സാധനങ്ങളും മറ്റും സൂക്ഷിച്ച അലമാര തല്ലി തകർക്കുകയും ചെയ്തത്.

കൂടാതെ കത്തി ഉപയോഗിച്ച് അമ്മതിനെ വധിക്കാൻ ശ്രമിക്കുകയും കടയിൽ ഉണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുഖ്യപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, പ്രവാസികൾക്ക് നേരെയുള്ള ഇത്തരം ആക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാവുന്നില്ലെങ്കിൽ പ്രവാസി ലീഗ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രവാസി ലീഗ് കമ്മിറ്റി അഭിപ്രായ പ്പെട്ടു.

എൻ. എം. കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന അരിക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കെ സി ഇബ്രാഹിം, എൻ. എം. അസീസ്, കെ എം മുഹമ്മദ്, സി എം ബഷീർ മുതലായവർ സംസാരിച്ചു. ദീർഘകാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് കുടുംബം പോറ്റുന്നതിന് വേണ്ടി കച്ചവടം ചെയ്തുവരുന്ന പ്രവാസിയായ മഠത്തിൽ അഹമ്മദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മൂന്നോളം വരുന്ന ആക്രമി സംഘം വധിക്കാൻ ശ്രമിച്ചത്. ഇതിൽ കൊയിലാണ്ടി പന്തലായനി സ്വദേശികളായ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തിട്ടുണ്ട്.

