കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം; സുപ്രീം കോടതി

കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി. കൂട്ട ബലാത്സംഗ കേസുകളിൽ ലൈംഗിക പീഡനം നടത്തിയത് ഒരാൾ ആണെങ്കിലും സംഘത്തിലെ മറ്റുള്ളവരെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. ഓരോ പ്രതിയും പീഡിപ്പിച്ചതിന്റെ തെളിവുകൾ പ്രത്യേകം ഹാജരാക്കണമെന്നില്ല. പൊതു ഉദ്ദേശം പരിഗണിച്ച് എല്ലാ പ്രതികളും കുറ്റവാളികളാണ്. ജസ്റ്റിസ് സഞ്ജയ് കരോൾ കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ബലാത്സംഗ കേസിൽ ഏറെ നിർണായകമായ ഉത്തരവാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

2004ൽ മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ വിചാരണക്കോടതിയും ഹൈക്കോടതിയും രണ്ടുപ്രതികളെ കൂട്ടബലാത്സംഗക്കുറ്റത്തിന് ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ശിക്ഷിക്കപ്പെട്ട പ്രതി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. താൻ ‘പ്രവേശിത ലൈംഗികാതിക്രമം’ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കൂട്ടബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നുമുള്ള വാദമാണ് പ്രതി ഉന്നയിച്ചിരുന്നത്.

എന്നാൽ, ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ പെൺകുട്ടിയെ പ്രതികൾ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. കൂട്ടബലാത്സംഗക്കേസുകളിൽ ഒരോ പ്രതിയും പീഡിപ്പിച്ചതിന്റെ തെളിവുകൾ പ്രത്യേകം ഹാജരാക്കണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഒന്നോ അതിലധികമോ കുറ്റവാളികൾ ഒരേ ഉദ്ദേശത്തോടെ കുറ്റകൃത്യം ചെയ്‌താൽ കുറ്റകൃത്യത്തിന്റെ കൂട്ടുത്തരവാദിത്വത്തിന്റെ പേരിൽ ഒരോരുത്തരും ശിക്ഷാർഹരാണെന്നും സുപ്രീംകോടതി വിശദീകരിച്ചു.

