KOYILANDY DIARY.COM

The Perfect News Portal

കുസാറ്റ് അപകടത്തിൽ ജീവൻ നഷ്ടമായ ആൽബിൻ ജോസഫിന്റെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു

കൊച്ചി കുസാറ്റ് അപകടത്തിൽ ജീവൻ നഷ്ടമായ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ പ്രഖ്യാപിച്ച വീടിന്റെ തറക്കല്ലിടൽ മുൻമന്ത്രി എ കെ ബാലൻ നിർവ്വഹിച്ചു. കുടുംബം പോറ്റാൻ ജോലി, ശേഷം നല്ലൊരു വീട്..അങ്ങനെ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് ആൽബിൻ ജോസഫ് യാത്രയായത്..മരണശേഷം ആൽബിന്റ് വീട് സന്ദർശിച്ച മുൻമന്ത്രി എ കെ ബാലൻ സിപിഐഎം സഹായത്തോടെ ആൽബിന്റെ കുടുംബത്തിന് പുതിയ വീട് വെച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ഓരോ ജില്ലയിലും രണ്ടുവീതം വീടുകൾ വീതം നിർമിച്ചുനൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലെ രണ്ടാമത്തെ വീടാണ് ആൽബിന്റെ കുടുംബത്തിന് വേണ്ടി ഒരുങ്ങുന്നത്. ‘9 ലക്ഷം രൂപ ചെലവിലാണ് വീട് വയ്ക്കുന്നത്. 620 സ്‌ക്വയർ ഫീറ്റുള്ള വീട് മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും’ -എ കെ ബാലൻ പറഞ്ഞു.

 

ജോലിക്കായി സുഹൃത്തിനെക്കാണാൻ വീടുവിട്ടിറങ്ങിയ മകന്റെ ചേതനയറ്റ ശരീരമാണ് തൊട്ടടുത്ത ദിവസം കുടുംബം കണ്ടത്. ആ വേദനയുടെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമാകാനായിട്ടില്ലെങ്കിലും അടച്ചുറപ്പുളള ഒരു കൂരയെന്ന ആശ്വാസം ചെറുതല്ലെന്ന് ആൽബിന്റെ പിതാവ് പറഞ്ഞു. ഏപ്രിൽ 30നകം വീടിന്റെ നിർമാണം പൂർത്തിയാക്കാനാണ് സംഘടനയുടെ ശ്രമം.

Advertisements
Share news