KOYILANDY DIARY

The Perfect News Portal

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ റാലികൾ

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികൾ. റാലികളിലെ വൻജനപങ്കാളിത്തമാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അഖിലേഷ്‌ യാദവ് പങ്കെടുത്ത പ്രയാഗ്‌രാജ്, അസംഗഢ് പ്രചരണറാലികളിൽ ജനസമുദ്രമാണ് അലയടിച്ചത്. പ്രയാഗ്‌രാജിൽ ആവേശഭരിതരായ ആൾക്കൂട്ടം വേദിയും കൈയ്യടക്കുമെന്നായതോടെ റാലിയിൽ പങ്കെടുത്ത അഖിലേഷിനും രാഹുൽഗാന്ധിക്കും പ്രസംഗം ചുരുക്കി മടങ്ങേണ്ടി വന്നു.
Advertisements
തെരഞ്ഞെടുപ്പ് കാലത്ത് യുപി കണ്ട ഏറ്റവുംവലിയ റാലിയായിരുന്നു പ്രയാഗാജിൽ ഇന്ത്യാകൂട്ടായ്‌മയുടേത്. റാലിക്ക് ആളുകളെ എത്തിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ ഏർപ്പെടുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, സ്വന്തംനിലയ്ക്ക് വാഹനങ്ങൾ വാടയ്ക്ക് എടുത്താണ് ആളുകൾ റാലിക്ക് എത്തിയതെന്ന് പ്രാദേശികനേതാക്കൾ പറഞ്ഞു.
മോദിയും ആദിത്യനാഥും നിരവധി റാലികൾ സംഘടിപ്പിച്ചെങ്കിലും പ്രയാഗരാജ് റാലിയിലെ പകുതി പങ്കാളിത്തം പോലുമുണ്ടായില്ല. പ്രയാഗ്‌രാജിൽ അമിത്ഷായുടെ റാലിയിൽ ആളുകൾ കുറഞ്ഞത് ചർച്ചയായി. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വലിയ ജനരോഷമുണ്ട്. അത് കിഴക്കൻ യുപിയിലേക്കും വ്യാപിച്ചതിന്റെ തെളിവാണ് എസ് പി റാലികളിലെ ജനപങ്കാളിത്തം.
കഴിഞ്ഞദിവസം അസംഗഢിലെ ലാൽഗഞ്ചിലെ അഖിലേഷിൻ്റെ റാലിയിലും വൻ ജനപങ്കാളിത്തമുണ്ടായി. ‘അഖിലേഷിന്റെ്റെ റാലിയിൽ തിക്കും തിരക്കും’, ‘നിയന്ത്രണം വിട്ട് ആൾക്കൂട്ടം’– തുടങ്ങിയ തലക്കെട്ടുകൾ നൽകി ജനവികാരം തമസ്‌കരിക്കാനുള്ള ശ്രമമാണ് ബിജെപി അനുകൂല ദേശീയമാധ്യമങ്ങൾ നടത്തുന്നത്. എന്നാൽ, ഉത്തർപ്രദേശിലെ കാറ്റ് മാറിവീശുന്നതിൻ്റെ തെളിവാണിതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു