KOYILANDY DIARY

The Perfect News Portal

കേരളത്തിന് എയിംസ് ഇനിയും വൈകും: ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ന്യൂഡൽഹി: കേരളത്തിന് എയിംസ് ലഭിക്കാൻ ഇനിയും വൈകുമെന്ന് കേന്ദ്രം. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതി പ്രകാരം ഇതുവരെ രാജ്യത്ത് 22 പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യം പിഎംഎസ്എസ് വൈയുടെ നിലവിലെ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്രം എം പിയുടെ ചോദ്യത്തിന് മറുപടി നൽകി.

പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ് അനുവദിക്കുക എന്നുള്ളത്. ഇതിലേക്കായി അനുയോജ്യമായ നാല് സ്ഥലങ്ങൾ കേരള ഗവൺമെന്റ് കണ്ടെത്തി ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം സമ്മതിച്ചു. എന്നിട്ടും കേരളത്തിന് ഈ ഘട്ടത്തിലും എയിംസ് അനുവദിക്കുന്നില്ല എന്നുള്ളത് ഖേദകരമായ കാര്യമാണ്. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. എത്രയും പെട്ടെന്ന് കേരളത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.