KOYILANDY DIARY

The Perfect News Portal

മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ

മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ. 35 വർഷത്തിനിടെ വിവിധ ജില്ലകളിൽ അൻപതിലധികം മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് എഐ ക്യാമറ കുടുക്കിയത്. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യൻ (53) നെയാണ് കീഴ്‌വായ്‌പൂര് പൊലീസ് പിടികൂടിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങൾ നടത്തിയ ഇയാൾ മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ ചിത്രം സഹിതമുള്ള ചലാൻ യഥാർഥ ഉടമക്ക് ലഭിക്കുകയായിരുന്നു.
ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുൾപ്പടെയുള്ളവ മോഷ്ടിച്ച കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ച ശേഷം 2023 മേയ് 25-നാണ് ഇയാൾ മോചിതനായത്. പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം പതിവാക്കുകയായിരുന്നു. 26- ന് മോട്ടോർ സൈക്കിളും 27-ന് കാറും മോഷ്ടിച്ചു. 28-രാത്രിയിൽ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാർമസിസ്റ്റിന്റെ രണ്ടു പവൻ വരുന്ന സ്വർണമാല കവർന്നു. ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ചു. അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏറ്റുമാനൂരിൽ നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട് റോഡിൽ കെ.മാർട്ട് എന്ന കടയിൽ നിന്ന് 31,500 രൂപയും ഒരു സ്കൂട്ടറും മോഷ്ടിച്ചു.
Advertisements
ഈ സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതാണ് ഇയാളെ കുടുക്കിയത്. തിരുവനന്തപുരത്ത് പാങ്ങോട് ഹെൽമെറ്റ് വെക്കാതെ ഇയാൾ ഈ സ്കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം ഉടമയുടെ ഫോണിൽ പിഴ അടയ്ക്കാൻ അറിയിപ്പെത്തുകയായിരുന്നു. തുടർന്ന് വണ്ടി മോഷണം പോയ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നും സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നുമാണ് പൊലീസ് പറയുന്നത്.