KOYILANDY DIARY.COM

The Perfect News Portal

കിണറ്റിൽ വീണ കാട്ടാനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വെക്കും

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചായിരിക്കും തുടർനടപടി. അനുമതി തേടി ഡി എഫ് ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച് പിടുകൂടാനാണ് ആലോചന. ഇതു സംബന്ധിച്ച് ചീഫ് എലിഫന്റ് വാർഡിന്റെ നിർദ്ദേശം വേണം. നിർദ്ദേശം ലഭിച്ചാൽ നടപടികളുമായി മുന്നോട്ടു പോകും.

വയനാട്ടിൽ നിന്നുള്ള വിദഗ്ദ്ധസംഘം കൂരങ്കലിൽ എത്തും. ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനയെ രക്ഷപ്പെടുത്തിക്കഴിഞ്ഞാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടരുതെന്നും ദൂരെ ഉൾക്കാട്ടിൽ വിടണമെന്നും നാട്ടുകാർ പറയുന്നു. ആനയെ കൂരങ്കല്ലിൽ വിട്ടാൽ വനം വകുപ്പുദ്യോഗസ്ഥരെ നാട്ടുകാർ കൈകാര്യം ചെയ്യുമെന്നും. വന്നതുപോലെ തിരിച്ചു പോകില്ലെന്നും ഡി സി സി പ്രസിഡൻ്റ് വി എസ് ജോയ് വ്യക്തമാക്കി. കാട്ടാനശല്യത്തിന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

അതേസമയം, ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡി എഫ് ഒ പി കാർത്തിക്ക് വ്യക്തമാക്കി. കിണറിന്റെ വശങ്ങൾ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കി തീരുമാനമെടുക്കും. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഒരു ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല.

Advertisements

 

ഇന്ന് പുലർച്ചെയാണ് കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടാന വീണത്. ഇതിന് തൊട്ടടുത്ത് തന്നെ കൊടുമ്പുഴ വനമേഖലയാണ്. അവിടെ നിന്നും ഇറങ്ങി വരുന്ന കാട്ടാനകള്‍ ഈ മേഖലകളില്‍ വലിയ ശല്യം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് ആന കിണറ്റില്‍ വീണത്.

Share news