KOYILANDY DIARY.COM

The Perfect News Portal

ചരിത്ര സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ഒരു മതത്തെ ഉന്നംവെക്കുന്നു: ബിജെപി നേതാവിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: ചരിത്രസ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബിജെപി നേതാവിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിരൽ ചൂണ്ടുന്നതാണ്‌ ഹർജിയിലെ വാദങ്ങളെന്ന്‌ കോടതി നിരീക്ഷിച്ചു.

‘നിഷ്‌ഠുരന്മാരായ കടന്നുകയറ്റക്കാരുടെ’ പേരുകളുള്ള സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന്‌ ഹർജി നൽകിയ ബിജെപി നേതാവ്‌ അശ്വിനി ഉപാധ്യായ ആണ്  വിമര്‍ശമേറ്റുവാങ്ങിയത്. ഹർജി പിൻവലിച്ച്‌ ഈ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ അനുവദിക്കണമെന്ന ഉപാധ്യായയുടെ ആവശ്യവും സുപ്രീംകോടതി തള്ളി.ഒരു മതത്തെ ഉന്നംവയ്‌ക്കുന്നു: ബിജെപി നേതാവിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്‌. കോടതി മതനിരപേക്ഷ വേദിയാണ്‌. ഹിന്ദുമതം ഒരു ജീവിതരീതിയാണ്‌. മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളുന്നതാണ്‌ അതിന്റെ സ്വഭാവം.  വിഭജിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ്‌ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയത്‌. അതിലേക്ക്‌ തിരിച്ചുപോകണമെന്ന്‌ വാശി പിടിക്കരുതെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്‌, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വ്യക്തമാക്കി.

Advertisements

ഇത്തരം വിഷയങ്ങൾ കുത്തിപ്പൊക്കി രാജ്യത്തെ തിളപ്പിക്കാനാണോ ഭാവമെന്നും കോടതി ചോദിച്ചു. വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ചരിത്രസ്ഥലങ്ങൾ ഇപ്പോൾ  ‘കടന്നുകയറ്റക്കാരുടെ’ പേരുകളിലാണ്‌ അറിയപ്പെടുന്നതെന്ന്‌ അശ്വിനി ഉപാധ്യായ വാദിച്ചു.  ഹിന്ദുമതത്തിൽ മതഭ്രാന്തിന്‌ സ്ഥാനമില്ലെന്നും സാമൂഹികമൈത്രി തകർക്കാൻ നോക്കരുതെന്നും ജസ്റ്റിസ്‌ കെ എം ജോസഫ്‌ പ്രതികരിച്ചു.  ഞാൻ ഒരു ക്രിസ്‌ത്യാനിയാണ്‌. എന്നാൽ, ഹിന്ദുമതത്തെ ആദരിക്കുന്നു. കേരളത്തിൽ ഹിന്ദുരാജാക്കന്മാർ പള്ളികൾക്കും മറ്റും സ്ഥലങ്ങൾ ദാനം ചെയ്‌തിട്ടുണ്ട്‌. ഭാവിതലമുറകളെക്കൂടി ഭൂതകാലത്തിന്റെ തടവിലിടാൻ നോക്കരുത്‌–- ജസ്റ്റിസ്‌ കെ എം ജോസഫ്‌ പറഞ്ഞു.

Share news