നടിയെ ആക്രമിച്ച കേസ്; ഹർജി വ്യാഴാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവിൽ തങ്ങൾക്കെതിരായ പരാമർശമുള്ളത് നീക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

ദിലീപിന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം പരിശോധിക്കാമെന്നും ദിലീപിന്റെ വാദംകൂടി കേൾക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും തുടരന്വേഷണത്തിൽ തെളിഞ്ഞതിനാലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈബ്രാഞ്ച് വിചാരണക്കോടതിയെ സമീപിച്ചത്.

ഈ ഹർജി വിചാരണക്കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവ് ആധികാരികത ഇല്ലെന്നാണ് കോടതി നിരീക്ഷണം. ഇത് വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്.

ഇത് ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപ് 10 സാക്ഷികളെ സ്വാധീനിച്ചു. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണിലെ നിർണായക വിവരം നശിപ്പിച്ചതിനും തെളിവുണ്ട്. ഇവയെല്ലാം വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ശരിയായി വിലയിരുത്താതെ വിചാരണക്കോടതി ഹർജി തള്ളിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

