KOYILANDY DIARY.COM

The Perfect News Portal

സാമൂഹ്യനീതി വകുപ്പിൻറെ വയോസേവന പുരസ്‌കാരം നടൻ മധുവിനും ചെറുവയൽ രാമനും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിൻറെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നടൻ പദ്മശ്രീ മധുവിനും കർഷകനായ പദ്മശ്രീ ചെറുവയൽ രാമനുമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക. മഹാനടന് സാമൂഹ്യനീതി വകുപ്പിൻറെ നവതി സമ്മാനമാണ് പുരസ്കാരമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കല-സാഹിത്യം എന്നീ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ. പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങൾ.

മികച്ച ജില്ലാ പഞ്ചായത്തിനും മികച്ച കോർപ്പറേഷനുമുള്ള പുരസ്കാരം കോഴിക്കോട് നേടി. നിലമ്പൂർ ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപയാണ് പുരസ്കാരം. ഒല്ലൂക്കര മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ) എലിക്കുളം, അന്നമനട എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തെരഞ്ഞെടുത്തു. മികച്ച എൻജിഒക്കുള്ള പുരസ്ക്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും (Voluntary organisation for social action and rural development), മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ.

Advertisements

വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ- സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഈ വർഷം പത്ത് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരമെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണ ഐഎഎസ്, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Share news