നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
.
പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യം. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരൻ കൂടിയാണ് ഇദ്ദേഹം. മേജർ രവി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കുമെന്ന് മേജർ രവി അറിയിച്ചു. ‘എന്റെ പ്രിയ സഹോദരൻ, സിനിമ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള, കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി 11.41ന് അന്തരിച്ചു. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ, ഇന്ന് വൈകീട്ട് 4 മണിക്ക്,’ മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

മേജർ രവി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കണ്ണൻ പട്ടാമ്പി. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, ‘ട്വൽത്ത് മാൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി കെ പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു.




