KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് വന്നാൽ കോടതിയുടെ നിർദ്ദേശപ്രകാരം നടപടി; മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് വന്നാൽ  കോടതിയുടെ ഉപദേശം അനുസരിച്ച് ചെയ്യുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയിൽ തമിഴ്‌നാടിന്‌ ഉചിതമായ നടപടി സ്വീകരിക്കാം. നിലവിലെ സ്ഥിതി വനംമേധാവി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പിന്റെ അന്നത്തെ നിലപാട് ആനയെ മയക്കുവെടിവച്ച് പിടികൂടി ആന പരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതായിരുന്നു. കോടതിയുടെ തീരുമാനം നിൽക്കെ, ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഹൈക്കോടതി നിയോഗിച്ച കമ്മിഷനുണ്ട്. ആനയെ ഉൾക്കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന നിലപാടാണ് ഞങ്ങൾ എടുത്തത്. പക്ഷേ, കോടതി വിധി വന്നാൽ അതിനനുസരിച്ചേ പറ്റൂ. തമിഴ്നാടിന് ഉചിതമായ നടപടി സ്വീകരിക്കാം. പക്ഷേ, നാളെ കോടതി വിധി വന്നുകൂടായ്കയില്ല. അതിരുകവിഞ്ഞ ആന സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ, ആന പ്രേമികൾ കോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.