KOYILANDY DIARY

The Perfect News Portal

വീടുകളിൽ നിന്ന്‌ ശേഖരിക്കുന്ന ആക്രി വിറ്റ് ശുചിമുറി നിർമ്മിക്കും; നാടിന്‌ മാതൃകയായി ഡിവൈഎഫ്‌ഐ

കോഴിക്കോട്‌: വീടുകളിൽ നിന്ന്‌ ശേഖരിക്കുന്ന ആക്രി വിറ്റ് ശുചിമുറി നിർമ്മിക്കും. നാടിന്‌ മാതൃകയായി ഡിവൈഎഫ്‌ഐ. മാലിന്യം ശേഖരിച്ച്‌ നാടിനെ ശുചീകരിക്കുക മാത്രമല്ല, അവ  വിറ്റുകിട്ടുന്ന കാശുപയോഗിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ശുചിമുറി നിർമിക്കാനും ഡിവൈഎഫ്‌ഐ. താമരശേരി, കുറ്റ്യാടി ചുരങ്ങളും മാമ്പുഴയും ശുചീകരിച്ച ശേഷം ഡിവൈഎഫ്‌ഐ പ്രവർത്തകർ വീടുകളിൽനിന്ന്‌ ആക്രി ശേഖരിക്കും. ഇവ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ്‌ ശുചിമുറി നിർമിക്കുക. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ്‌ നാടിന്‌ മാതൃകയാകുന്ന പദ്ധതി ഏറ്റെടുത്തത്‌.
ആദ്യഘട്ടത്തിൽ താമരശേരി ചുരം ശുചീകരിച്ചു. താമരശേരി, തിരുവമ്പാടി, ബാലുശേരി, നരിക്കുനി, കുന്നമംഗലം, കക്കോടി ബ്ലോക്കുകളിൽനിന്നായി 700 വളന്റിയർമാരാണ്‌ പങ്കെടുത്തത്‌. ഇവർ ടൺ കണക്കിന്‌ മാലിന്യമാണ്‌ ഒന്നു മുതൽ ഒമ്പതു വളവുകൾവരെയുള്ള ഭാഗങ്ങളിൽനിന്ന്‌ ശേഖരിച്ചത്‌. ഇതിൽ പ്ലാസ്‌റ്റിക്‌ കവറുകളും കുപ്പികളും വേർതിരിച്ചിട്ടുണ്ട്‌. അടുത്തഘട്ടത്തിൽ കുറ്റ്യാടി ചുരവും മാമ്പുഴയും ശുചീകരിക്കും. ഇവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ്‌ മെഡിക്കൽ കോളേജിൽ ശുചിമുറി ഉൾപ്പെടെ നിർമിക്കുകയെന്ന്‌ ജില്ലാ സെക്രട്ടറി പി സി ഷൈജു പറഞ്ഞു.
Advertisements
താമരശേരി ചുരത്തിലെ ശുചീകരണ യജ്ഞത്തിൽ ഡിവൈഎഫ്‌ഐ വളന്റിയർമാർക്ക്‌ ഏറ്റവും കൂടുതൽ ലഭിച്ചത്‌ ഡയപ്പറുകളും സാനിറ്ററി പാഡും. യാത്രക്കിടയിൽ ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞതിനേക്കാൾ വീടുകളിൽനിന്ന്‌ കെട്ടുകളാക്കി തള്ളിയവയായിരുന്നു കൂടുതലും. ഇത്തരം മാലിന്യം കൊണ്ടുതള്ളാൻ മാത്രം ആളുകൾ ചുരം കയറുന്നതായാണ്‌ ഇതിൽനിന്ന്‌ മനസ്സിലാകുന്നത്‌. മദ്യക്കുപ്പികളാണ്‌ മറ്റൊരു വില്ലൻ. യാത്രയിൽ വലിച്ചെറിയുന്ന കുപ്പികൾ റോഡരികിൽ പൊട്ടിക്കിടക്കുന്നത്‌ അപകട ഭീഷണിയാകുന്നു. കുടിവെള്ളത്തിന്റെ പ്ലാസ്‌റ്റിക്‌ ബോട്ടിലുകളും എണ്ണത്തിൽ കുറവല്ല. ലഹരിമരുന്നുകൾ കുത്തിവയ്‌ക്കുന്നതിന്‌ ഉപയോഗിച്ച സിറിഞ്ചുകളും പലയിടങ്ങളിൽനിന്നും കണ്ടെത്തി.