KOYILANDY DIARY.COM

The Perfect News Portal

ക്രിമിനൽ കേസുകളിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ

.

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ്‌ പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കല്ലായി കണ്ണഞ്ചേരി സ്വദേശി പുതിയാപ്പിൽ പറമ്പിൽ ഇഖ്‌ലാസി (29) നെയാണ്‌ ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്‌.

 

ഡിസംബർ 27ന്‌ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയും സുഹൃത്തും കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തിയപ്പോൾ പ്രതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ അടിച്ചു പരിക്കേൽപ്പിക്കുകയും പ്രതി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ടൗണ്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ ടൗണ്‍ സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ജോസ് ഡി ഡിക്രൂസ്, ഷിനൂബ്, എസ്‌സിപിഒ റിനീഷ്, സിപിഒമാരായ അരുണ്‍, സുവിൻ എന്നിവരടങ്ങുന്ന അന്വേഷണസംഘം പയ്യാനക്കലിൽവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisements

 

പ്രതിക്ക്‌ നല്ലളം, പന്നിയങ്കര, ടൗൺ, കസബ തുടങ്ങിയ സ്റ്റേഷൻ പരിധിയിൽപ്പെട്ട വിവിധ സ്ഥലങ്ങളിൽ എംഡിഎംഎ വിൽപ്പനയ്ക്കും കഞ്ചാവ് ലഹരിയിൽ പൊതു സ്ഥലങ്ങളിൽവെച്ച് ആളുകളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും സ്വർണവും കവർച്ച നടത്തിയതിനും പാലക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. പന്നിയങ്കര സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ പ്രതിയെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശയിൽ കലക്ടർ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിടുകയും ഹൈക്കോടതി മൂന്നുമാസം ശിക്ഷാ ഇളവ് നൽകുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Share news