KOYILANDY DIARY

The Perfect News Portal

അമ്മയ്‌ക്കെതിരെ മോശമായ ഭാഷ; കുടുംബകോടതി ജഡ്‌ജിക്ക്‌ ഹൈക്കോടതിയുടെ വിമർശം

കൊച്ചി: അമ്മയ്‌ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ച കുടുംബകോടതി ജഡ്‌ജിക്ക്‌  ഹൈക്കോടതിയുടെ വിമർശം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന്‌ നൽകിയ ഉത്തരവിലാണിത്. കുട്ടിയുടെ അമ്മ സ്വന്തം സുഖത്തിന്‌ മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോയതാണെന്നും അവരുടെ വഴിപിഴച്ച ജീവിതം കുട്ടികളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പരാമർശമാണ്‌ വിമർശനത്തിനിടയാക്കിയത്‌.

ഉത്തരവിൽ  ഉപയോഗിച്ച ഭാഷ അനുചിതവും അലോസരപ്പെടുത്തുന്നതാണെന്നും  ജില്ലാ ജുഡീഷ്യറിയിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥയാണിത് വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. ആലപ്പുഴ കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണമുള്ളത്‌.

Advertisements

കുട്ടിയുടെ അമ്മ  മറ്റൊരാൾക്കൊപ്പം കഴിയുകയാണെന്നാണ്‌ ഭർത്താവിന്റെ വാദം. എന്നാൽ,  ഗാർഹികപീഡനത്താൽ വീടുവിട്ടുപോയതാണെന്ന്‌ ഹർജിക്കാരി വാദിച്ചു. സ്ത്രീയെ മറ്റൊരു പുരുഷന്റെ കൂടെ കണ്ടെത്തിയതിനാൽ അവൾക്ക് അവിഹിതബന്ധമുണ്ടെന്നോ അവൾ ഒരു മോശം അമ്മയാണെന്നോ കരുതാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി. വീടുവിട്ടിറങ്ങാൻ പല സാഹചര്യങ്ങളുമുണ്ടാകാം. കുട്ടികളുടെ കസ്‌റ്റഡിയുടെ കാര്യത്തിൽ ക്ഷേമമാണ് ആദ്യം പരിഗണിക്കേണ്ടത്.

Advertisements

സാഹചര്യംമൂലം പുരുഷനോ സ്ത്രീയോ മോശമായിട്ടുണ്ടാകാമെങ്കിലും അവർ കുട്ടിക്കുമുന്നിൽ മോശക്കാരാകണമെന്നില്ല. സമൂഹം മോശമെന്ന് മുദ്രകുത്തിയ അമ്മ കുട്ടിയുടെ ക്ഷേമം പരിഗണിക്കുമ്പോൾ നല്ലതാകാം. കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഒന്നിടവിട്ട ആഴ്ചകളിൽ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏൽപ്പിക്കാൻ നിർദേശിച്ചു.