KOYILANDY DIARY

The Perfect News Portal

മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് രേഖകളുമായി എഎപി നേതാക്കൾ

ന്യൂ ഡൽഹി: മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് രേഖകളുമായി എ എ പി നേതാക്കളുടെ പത്രസമ്മേളനം. കേസിലെ മാപ്പ് സാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ട്രല്‍ ബോണ്ട് വഴി 34 കോടി രൂപബി.ജെ.പിക്ക് നല്‍കിയതായുളള കണക്ക് ചൂണ്ടികാട്ടിയാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിശദീകരണം  പണം ലഭിച്ചതിന്റെ രേഖകളും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

ഈ സാഹചര്യത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ ഇ.ഡി ചോദ്യം ചെയ്യണമെന്നും ഡല്‍ഹിയിലെ എ എ പി നേതാവും മന്ത്രിയുമായ അതിഷി ആവശ്യപ്പെട്ടു.

അരവിന്ദ ഫാര്‍മയുടെ ഡയറക്ടറായ ശരത് ചന്ദ്ര റെഡ്ഡി പലപ്പോഴായി 34 കോടി രൂപ ഇലക്ട്രല്‍ ബോണ്ടായി ബി.ജെ.പിക്ക് നല്‍കിയതായുള്ള രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുകയാണ് ഇ.ഡി ചെയ്തത്. ബി.ജെ.പി-റെഡ്ഡി ബന്ധം കെജ്രിവാളിനെ കുടുക്കുന്ന രീതിയിലേക്ക് എത്തുകയായിരുന്നു എന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പണം നല്‍കിയപ്പോള്‍ കേസില്‍ പ്രതിയായ ശരത് ചന്ദ്ര റെഡ്ഡി മാപ്പ് സാക്ഷിയായതും ചൂണ്ടി കാട്ടി. 

Advertisements
Advertisements

ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ ഇലക്ടറല്‍ ബോണ്ട് ബി.ജെപി.ക്ക് സംഭാവനയായി നല്‍കിയത്. ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്നും അതിഷി ചൂണ്ടിക്കാട്ടി. എ.എ.പിയുമായും അരവിന്ദ് കെജ്രിവാളുമായും ഒരു ബന്ധവുമില്ലെന്നായിരുന്നു ആദ്യം ശരത് ചന്ദ്ര റെഡ്ഡി പറഞ്ഞത്. ജയിലില്‍ കിടന്നതോടെ നിലപാട് മാറ്റി.

ഇതിന് ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡിക്ക് ജാമ്യം ലഭിച്ചത്. മദ്യ നയത്തിലെ പണം ആര് ആര്‍ക്ക് നല്‍കിയെന്നതിന്റെ തെളിവ് പുറത്തുവിടണമെന്നും അതിഷി ആവശ്യപ്പെട്ടു. ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍ നിര്‍ത്തി ആംആദ്മിയെ ബി.ജെ.പി കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പിയുടെ ഒരു നേതാവിന്റേയും വീട്ടില്‍ നിന്ന് ഒരു തെളിവും പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ശരത് ചന്ദ്ര റെഡ്ഡി അഞ്ച് കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടും,അര്‍ബിന്തോ ഫാര്‍മ 52 കോടിയുടെ ഇലക്ടറര്‍ ബോണ്ട് വാങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 52 കോടിയില്‍ 34.5 കോടി രൂപ ബി.ജെ.പിക്കാണ് ലഭിച്ചത്. രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്കുദേശം പാര്‍ട്ടിക്ക് 2.5 കോടിയും നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2023 ജൂണ്‍ ഒന്നിനായിരുന്നു കേസില്‍ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പ് സാക്ഷിയാക്കിയത്.

മദ്യനയത്തില്‍ വലിയ അഴിമതി നടന്നു എന്നും കവിത ഉള്‍പ്പെടെയുള്ളവര്‍ക്ക് 100 കോടി ലഭിച്ചെന്നും അതിന്റെ സൂത്രധാരന്‍ കെജ്രിവാള്‍ ആണെന്നുമാണ് ഇ.ഡിയുടെ ആരോപണം. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെ ഇന്നലെ സുപ്രിംകോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 28 വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്.

അദ്ദേഹത്തെ ഇന്ന് ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ഒപ്പമിരുത്തി ചോദ്യംചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വലിയ സമരമാണ് ദല്‍ഹിയില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്താനും എ.എ.പി ആലോചിക്കുന്നുണ്ട്.