ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ഓട്ടോ ഉയർത്തുന്ന മകളുടെ വീഡിയോ വൈറലാകുന്നു
മംഗലൂരിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ഓട്ടോ ഉയർത്തുന്ന മകളുടെ വീഡിയോ പുറത്ത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു സ്ത്രീ റോഡ് മുറിച്ച് കിടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒരു വശത്തേക്ക് നേരെ നോക്കാതെ അശ്രദ്ധമായാണ് സ്ത്രീ റോഡിലേക്ക് കടക്കുന്നത്. വേഗത്തിൽ വന്ന ഒരു ഓട്ടോറിക്ഷ ആ സ്ത്രീയെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നുണ്ട്. എന്നാൽ അമിതിവേഗം കാരണം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സ്ത്രീയുടെ മുകളിലേക്ക് തന്നെ മറിയുകയാണ്. റോഡിലുള്ള ഒരു ബൈക്കിനെയും നിയന്ത്രണം വിട്ട ഓട്ടോ ഇടിക്കുന്നുണ്ട്.

സ്ത്രീ ഓട്ടോയ്ക്ക് അടിയിലായപ്പോഴാണ് ഒരു പെൺകുട്ടി വന്നു ഒറ്റയ്ക്ക് ആ ഓട്ടോറിക്ഷ ഉയർത്താൻ ശ്രമിക്കുന്നത്. പെൺകുട്ടി ഓട്ടോ ഉയർത്താൻ ശ്രമിക്കുന്നതോടെ ആളുകൾ ഓടിക്കൂടുകയും ഓട്ടോ ഉയർത്താൻ സഹായിക്കുകയും ചെയ്യുന്നു. അപ്പോൾ തന്നെ ഡ്രൈവറും ഓട്ടോ യാത്രക്കാരും പുറത്തിറങ്ങുന്നുണ്ട്. ട്യൂഷന് പോയ മകളെ വിളിക്കാൻ വന്ന അമ്മയാണ് അപകടത്തിൽ പെട്ടത്. ഒരു അപകടം മുന്നിൽ കണ്ടുള്ള ആ പെൺകുട്ടിയുടെ പെട്ടെന്നുള്ള ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം റോഡ് യാത്രകളിൽ ജാഗ്രതയും ശ്രദ്ധയും വേണമെന്നും കമന്റുകളുണ്ട്.




