KOYILANDY DIARY

The Perfect News Portal

ഓണത്തിന് ഒരുമുറം പച്ചക്കറി; ഏഴ് ലക്ഷം തൈകള്‍, രണ്ട് ലക്ഷം വിത്ത് പാക്കറ്റുകള്‍

കോഴിക്കോട്: ഓണത്തിന് ഒരുമുറം പച്ചക്കറി; ഏഴ് ലക്ഷം തൈകള്‍, രണ്ട് ലക്ഷം വിത്ത് പാക്കറ്റുകള്‍. ഈ ഓണത്തിനും നമ്മുടെ ചുറ്റുവട്ടത്ത് നട്ടുവളർത്തിയ പച്ചക്കറികൊണ്ട് സദ്യയൊരുക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്കായുള്ള വിത്തുകളും തൈകളും വിതരണത്തിന് തയ്യാര്‍. 14,000 സ്ഥിരസ്ഥായി പച്ചക്കറി തൈകള്‍ (കറിവേപ്പില, മുരിങ്ങ തുടങ്ങിയവ) എന്നിവയാണ് ഇത്തവണ ജില്ലയില്‍ വിതരണംചെയ്യുക.
വ്യക്തികള്‍, സ്കൂളുകൾ, കർഷക കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കായി കൃഷിഭവനുകളിലൂടെയായിരിക്കും വിതരണം. 25 രൂപ വിലയുള്ള ഹൈബ്രിഡ് വിത്ത് പാക്കറ്റ്,  10 രൂപ പായ്ക്കറ്റ്, മൂന്ന് രൂപയുടെ തൈകള്‍ എന്നിവ  സൗജന്യമായി നൽകും.
പദ്ധതി ഇങ്ങനെ
വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കൃഷിവകുപ്പും ഹരിത കേരളം മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉൽപ്പാദിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. വീട്ടമ്മമാർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക്  പരിശീലനവും ബോധവല്‍കരണ ക്ലാസുകളും നൽകും.
പച്ചക്കറി കൃഷിക്കുള്ള സഹായങ്ങൾ
കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, കൂട്ടായ്മകള്‍ എന്നിവര്‍ക്ക് വിത്തുകളും തൈകളും സൗജന്യമായി നൽകും. പച്ചക്കറിത്തൈകൾ വളർത്തിയിട്ടുള്ള ഗ്രോ ബാഗുകൾക്ക് 75 ശതമാനം സബ്സിഡി അനുവദിക്കും. നിലവിലുള്ള പച്ചക്കറി ക്ലസ്റ്ററുകൾക്കും പുതുതായി ആരംഭിക്കുന്നവക്കും സഹായധനം നൽകും.
പച്ചക്കറി കർഷകർക്ക് 50 ശതമാനം സബ്സിഡിയിൽ പമ്പുസെറ്റുകളും മരുന്ന് തളിക്കുന്നതിനുള്ള സ്പ്രേയറുകളും നൽകും.
തരിശുഭൂമിയിൽ കൃഷിചെയ്യുന്ന കർഷകർക്ക് ധനസഹായം അനുവദിക്കും. കൃഷിക്ക് മഴമറ നിർമിക്കുന്നതിന് ധനസഹായം. കമ്പോസ്റ്റ് നിർമാണം, പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്ന കൂൾ ചേംബർ നിർമാണം, പോളിഹൗസുകൾ സ്ഥാപിക്കൽ, ബയോ കൺട്രോൾ ഏജന്റുകളുടെ നിർമാണം തുടങ്ങിയവക്കും ധനസഹായം നൽകും.