ജനവാസ മേഖലയിലിറങ്ങിയ പുലിയെ കൂടുവെച്ച് പിടികൂടണം; കർഷക കോൺഗ്രസ്സ്

മേപ്പാടി: കടൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ ഉടൻ കൂടുവെച്ച് പിടികൂടണമെന്ന് കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന മേഖലയിലാണ് കഴിഞ്ഞ ദിവസം പുലിയെ നാട്ടുകാർ കണ്ടത്. ഏതാനും ദിവസം മുമ്പ് പ്രദേശത്തെ ഒരു കർഷകൻ്റെ പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു.

എന്നിട്ടും ജനങ്ങളുടെ ആശങ്കയറ്റാൻ യാതൊരുവിധ നടപടികളും അധികാര കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പശു നഷ്ടപ്പെട്ട കർഷകന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം. മേപ്പാടി മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമായിരിക്കുകയാണ്. ചുളുക്കയിൽ രണ്ട് മാസം മുമ്പാണ് ജോലിക്ക് പോകുന്ന വഴിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കർഷകരുടെ വിളവുകൾ നശിപ്പിക്കുന്നതും, മനുഷ്യരെ ആക്രമിക്കുന്നതും പതിവായിരിക്കുന്നു.

വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് ജോൺ മാത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. എൻ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോഗുൽദാസ് കോട്ടയിൽ, എ. രാംകുമാർ, രാധാ രാമസ്വാമി, ബെന്നി വട്ടപ്പറമ്പിൽ, പ്രമോദ് തൃക്കെെപ്പറ്റ, റഷീദ് ഓടത്തോട്, സെയ്തലവി കുന്നമ്പറ്റ, ഇ.യു.പോൾ, കെ. ബാബു, സതീഷ് നെല്ലിമുണ്ട, സ്റ്റീഫൻ മേപ്പാടി, ഷംസുദീൻ കുന്നമ്പറ്റ, പി.എം. മൻസൂർ, സജിത്, എം.എ ഐസക്, പി.വി. വർഗ്ഗീസ്, ശ്രീജ ബാബു, ബെന്നി തേമ്പിളളി എന്നിവർ സംസാരിച്ചു.

