KOYILANDY DIARY.COM

The Perfect News Portal

വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി

കാസര്‍കോഡ്: വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി. ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസില്‍ എന്‍ അബൂബക്കറിന്റെ മകന്‍ എം എ അഹമ്മദ് അബ്രാര്‍ (26), എം.കെ. അയൂബിന്റെ മകന്‍ എം.എ. സാബിത്ത് (25), പടന്നക്കാട് കരുവളം ഇഎംഎസ് ക്ലബ്ബിന് സമീപത്തെ ഫാത്തിമ മന്‍സില്‍ ടി. ഇഖ്ബാലിന്റെ മകന്‍ മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവരില്‍ നിന്നും മൂന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും 35 ഓളം സീലുകളും വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫര്‍സീന്‍പതാമാടെ പുരയില്‍, സൗമ്യ സൈമണ്‍, അമല്‍ കളപ്പുര പറമ്പില്‍ എന്നിവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ആപ്പിള്‍ കമ്പനിയുടെ ലാപ്‌ടോപ്പ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ ശാഖ ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖ ,സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍ ശാഖ, എന്നിവയുടെയും നിരവധി ഡോക്ടര്‍മാരുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 37 ഓളം വ്യാജ റബ്ബര്‍ സീലുകളും കണ്ടെടുത്തു.

 

ബാംഗ്ലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാംഗ്ലൂര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റര്‍ ഹെഡുകളും, എം.ഇ എസ് കോളജിന്റെ എന്‍.ഒ.സി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തവയില്‍പ്പെടും. ബന്തടുക്ക കണ്ണാടിത്തോട് സംസ്ഥാനപാതയില്‍ വാഹന പരിശോധനക്കിടയിലാണ് കെഎല്‍ 60 വി 47 48 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിലായത്. വ്യാജ സീലുകളും മറ്റു നിര്‍മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Advertisements
Share news