KOYILANDY DIARY

The Perfect News Portal

കോഴിക്കോട്‌ എൻഐടിയിൽ ഒരുവിഭാഗം മലയാള പത്രങ്ങൾക്ക്‌ വിലക്ക്‌

കോഴിക്കോട്‌: കോഴിക്കോട്‌ എൻഐടിയിൽ ഒരുവിഭാഗം മലയാള പത്രങ്ങൾക്ക്‌ വിലക്ക്‌. ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ ഇടരുതെന്നാണ്‌ നിർദേശം. അതേസമയം മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾക്ക്‌ വിലക്കില്ല. ലൈബ്രറി ഗസ്‌റ്റ്‌ ഹൗസ്‌ എന്നിവിടങ്ങളിലാണ്‌ പത്രങ്ങൾക്ക്‌ വിലക്കേർപ്പെടുത്തിയത്‌.

ക്യാമ്പസിനെ കാവിവത്‌ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സവർക്കർ മേള നടത്താനുള്ള നീക്കം സംബന്ധിച്ച്‌ ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു. വീർസാത്‌ എന്ന പേരിലായിരുന്നു കലാ സാംസ്‌കാരികോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്‌. കാവിവൽക്കരണത്തിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്‌ എൻഐടി.

 

ഗാന്ധിയുടെ കൊലയാളിയായ ഗോഡ്‌സെയെ പുകഴ്‌ത്തി ഫേസ്‌ബുക്കിൽ പോസ്‌റ്റിട്ട അധ്യാപിക ഡോ. ഷൈജ ആണ്ടവനെ എൻഐടി അധികൃതർ സംരക്ഷിക്കുന്നതായി ആരോപണമുയർന്നിരുന്നു. അയോധ്യയിൽ പള്ളി തകർത്തിടത്ത്‌ നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ജനുവരി 22ന്‌ ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടം ഒരുസംഘം എബിവിപി പ്രവർത്തകർ വികൃതമായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച വിദ്യാർഥിയെ ഇവർ മർദിക്കുകയുമുണ്ടായി. മർദനത്തിനിരയായ വിദ്യാർഥിയെ സസ്‌പെൻഡ്‌ ചെയ്‌ത്‌ എൻഐടി അധികൃതർ ഹൈന്ദവ വർഗീയവാദികളെ സംരക്ഷിച്ചതും വിവാദമായിരുന്നു.

Advertisements