KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂരിൽ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായി. കരിയാറ്റി കുനി  ഗണേശനെയാണ് (44) കാണാതായത്. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ നാട്ടിലെത്തിയത്. ഗണേശൻ്റെ സഹോദരൻ്റെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുബായിൽ പെട്രോൾ പമ്പ് ജീവനക്കാരനാണ് ഗണേശൻ. ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഇയാളുടെ അടുത്ത ബന്ധു ഏപ്രിൽ പതിനഞ്ചിന് ഗണേശനെ എയർ ഇന്ത്യ ഫ്ലൈറ്റിൽ കയറ്റി നാട്ടിലേക്കയയ്ക്കുകയായിരുന്നു. പതിനാറിന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും പിന്നീട് ഇയാൾ വീട്ടിലെത്തിച്ചേർന്നില്ല.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം ഗണേശൻ മദ്യം വാങ്ങാനായി പോവുന്നതും അവിടെ നിന്ന് ടാക്സിയിൽ കയറുന്നതിൻ്റെയുമെല്ലാം സി.സി.ടി.വി ദൃശ്യങ്ങൾ പയ്യോളി പോലീസിന് ലഭിച്ചു. ടാക്സിയിൽ കയറുന്നതിന് മുമ്പ് തന്നെ ഗണേശൻ മദ്യപിച്ചിരുന്നതായാണ് വിവരം.
യാത്രക്കിടെ ഇയാൾ ടാക്സി ഡ്രൈവറെ മദ്യപിക്കാൻ ക്ഷണിച്ചതായും ജോലിസമയമാണെന്ന് പറഞ്ഞ് ഡ്രൈവർ നിരസിച്ചതായും തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഇറങ്ങി ഗണേശൻ
എറണാകുളത്തേക്കുള്ള ബസിൽ കയറിയതായും ഡ്രൈവറിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പയ്യോളി പൊലീസ് പറഞ്ഞു.
നാട്ടിൽ സ്ഥിര മദ്യപാനിയായി നടന്ന ഗണേശൻ ഭാര്യയുമായി പിരിഞ്ഞ് അമ്മയോടൊപ്പം വീട്ടിലായിരുന്നു താമസം. മദ്യപാനം നിർത്തുന്നതിനായി അടുത്ത ഒരു ബന്ധു ഇടപെട്ട് ജോലി ശരിയാക്കി ഗണേശനെ ദുബായിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Share news