എ രാമചന്ദ്രൻ നിർമിച്ച ശിൽപ്പങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള മ്യൂസിയം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ എ രാമചന്ദ്രൻ നിർമിച്ച ശിൽപ്പങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള മ്യൂസിയം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മ്യൂസിയവും അദ്ദേഹത്തിന്റെ പുസ്‌തക ശേഖരങ്ങൾ ഉൾകൊള്ളുന്ന ആർട്ട് ഹബും ലളിതകലാ അക്കാദമിയാണ് തയ്യാറാക്കുന്നത്. ഇതിന് ആവശ്യമായ തുക സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എ രാമചന്ദ്രൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് ഏറെ രാഷ്‌ടീയതലമുള്ള ചിത്രങ്ങൾ വരച്ച അദ്ദേഹം പിന്നീടാണ് താമരക്കുളങ്ങളുടെ സൗന്ദര്യം ആവിഷ്‌കരിക്കാൻ തുടങ്ങിയത്. എന്നാൽ, ഇത് വർഗീയതയുടെ താമര അല്ല. ബുദ്ധൻ അടക്കമുള്ളവർ ഉയർത്തിപ്പിടിച്ച ഇന്ത്യൻ പൈതൃകത്തിന്റെ താമരയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് അധ്യക്ഷനായി.

ഇ എം എസിന്റെ കൃതികൾ 100 വോള്യങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചപ്പോൾ കവറുകൾ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് എ രാമചന്ദ്രനായിരുന്നുവെന്ന് സിപിഐ എം പിബി അംഗം എം എ ബേബി അനുസ്‌മരിച്ചു. കേരളത്തിന്റെ ദൃശ്യസംസ്‌കാരത്തിന്റെ വ്യത്യസ്‌തഘട്ടങ്ങൾ, വ്യത്യസ്‌ത സൃഷ്ടികളിലൂടെ അവതരിപ്പിക്കുന്ന കവറുകൾ അദ്ദേഹത്തിന്റെ ആശയമായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. എ രാമചന്ദ്രന്റെ മകൻ രാഹുൽ രാമചന്ദ്രൻ, എൻ എൻ റിംസൺ, സജിത ശങ്കർ, ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്‌ണ എന്നിവർ സംസാരിച്ചു.

