KOYILANDY DIARY

The Perfect News Portal

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. കോടികളുടെ നാശനഷ്ടം

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. കോടികളുടെ നാശനഷ്ടം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷൻ്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കുമുള്ള ജീവന്‍ രക്ഷാമരുന്നുകളടക്കം കത്തി നശിച്ചു. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

തീപ്പിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് നിരവധി പേർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായി. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു ഉളിയകോവിലിലുള്ള ജില്ലാ മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ചത്. ഗോഡൗണിലെ സെക്യൂരിറ്റിയാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇയാള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും, ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു.

ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഫയര്‍ഫോഴ്‌സ് സംഘങ്ങളുടെയും സഹായത്തോടെ രാത്രി ഏറെ വൈകിയാണ് തീ അണച്ചത്.

Advertisements

തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല, ബ്ലിച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്തു നിന്നാണ് പൊട്ടിത്തെറി ശബ്ദത്തോടെ തീ ഉയര്‍ന്നതെന്നാണ് വിവരം. ഗോഡൗണിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങളടക്കം കത്തി നശിച്ചു. കോടികളുടെ നാശനഷ്ടമെന്നാണ് പ്രാഥമിക നിഗമനം. മരുന്ന് സംഭരണശാലയുടെ ചുറ്റുവട്ടത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വന്‍ ദുരന്തമൊഴിവായി. വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

മരുന്നുകള്‍ കത്തിയമര്‍ന്നുണ്ടായ പുക ശ്വസിച്ചത് സമീപവാസികളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യത്തിന് കാരണമായി. കുഴഞ്ഞു വീണവരെ ജില്ലാആശുപത്രിയിലേക്ക് മാറ്റി. കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.