KOYILANDY DIARY.COM

The Perfect News Portal

മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനക്കൂട്ടമിറങ്ങി

നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽനിന്നാണ് ആനകൾ കൃഷി ഭൂമിയിലിറങ്ങുന്നത്. പ്രദേശവാസികളായ കുറ്റിക്കാട്ടിൽ ബിജു, പുൽതകിടിയേൽ കുഞ്ഞൂട്ടി എന്നിവരുടെ പറമ്പിലാണ് ആനകളിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചത്. ഇരുപതോളം റബറുകൾ, മുപ്പതിലേറെ കവുങ്ങുകൾ, വാഴകൾ, തെങ്ങ് എന്നിവ നശിപ്പിച്ചു.
കുട്ടിയാനകളുൾപ്പെടെ ഏഴോളം ആനകൾ കൃഷിയിടത്തിലും വനമേഖലയിലും തമ്പടിച്ചതായി നാട്ടുകാർ പറഞ്ഞു. ജനവാസമേഖലകൂടിയാണ് ഈ കൃഷിയിടം. ജില്ലാ അതിർത്തിയിൽ ഫെൻസിങ്‌ ലൈനുകൾ സ്ഥാപിക്കാത്തതാണ് ആനകൾ കൃഷിഭൂമിയിലെത്തുന്നതെന്ന് കർഷകർ പറഞ്ഞു. മാസങ്ങൾക്കുമുമ്പും ഇതേ സ്ഥലത്ത് ആനകളിറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു.

 

Share news