ലഹരി വില്പന നടത്തുന്ന യുവതിയടങ്ങുന്ന സംഘം പൊലീസ് പിടിയിൽ
കൊച്ചി: ആഡംബര ഹോട്ടലുകളിൽ താമസിച്ച് ലഹരി വില്പന നടത്തുന്ന യുവതിയടങ്ങുന്ന സംഘം പൊലീസ് പിടിയിലായി. കൊല്ലം ഓച്ചിറ വലിയ കുളങ്ങര സജന ഭവനിൽ റിജോ (41), കോട്ടയം കുറുവിലങ്ങാട് കരുമ്പത്ത് വീട്ടിൽ ഡിനോ ബാബു (32), കണ്ണൂർ ധർമ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷിഷ് ഓയിലും ഇവരിൽ നിന്ന് കണ്ടെടുത്തു. ലഹരിവസ്തുക്കൾ അളക്കുന്ന ഡിജിറ്റൽ മെഷീനും ഇവരിൽ നിന്നു പിടികൂടി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

എറണാകുളം അസി. കമ്മീഷണർ പി. രാജ് കുമാറിൻറെ മേൽനോട്ടത്തിൽ സൗത്ത് എസ് എച്ച് ഒ എം എസ് ഫൈസലിൻറെ നേതൃത്വത്തിൽ എസ് ഐ മാരായ ശരത്ത് സി, അനിൽകുമാർ സി, ദിനേഷ് ബി, സി പി ഒ മാരായ ഡിനുകുമാർ, ജിബിൻലാൽ, അനസ്, വനിതാ പോലീസ് അൻസിയ എന്നിവരുടെ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ലഹരി കടത്തും വില്പനയും സ്ത്രീകൾ വഴി
ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. സ്ത്രീകളെ മുൻനിറുത്തിയാണ് ലഹരി കടത്തും വില്പനയും നടത്തിയിരുന്നത്. തൃക്കാക്കര, മുവാറ്റുപുഴ, കോതമംഗലം , കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശേരി, പേട്ട പുത്തൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ലഹരിക്കേസുകളിൽ പ്രതിയാണ് റിജോ.

നിരവധി വഞ്ചനാ കേസുകളും ഇയാൾക്കെതിരെയുണ്ട്. രണ്ടാം പ്രതിയായ ഡിനോ ബാബുവിനെതിരെ മരട് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്നു കേസും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലും കോതമംഗലം സ്റ്റേഷനിലും വഞ്ചനാ കേസുകളും പ്രതിയാണ്. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് റിജോ വീണ്ടും ലഹരി വില്പന തുടങ്ങിയത്.
