KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം

ദില്ലിയിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം. ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. നിരവധി രേഖകളും അലമാരയും അടക്കം കത്തിനശിച്ചു. സുപ്രധാന രേഖകള്‍ അടങ്ങുന്ന അതീവ സുരക്ഷാ മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തില്‍ ദുരൂഹതയുളളതായും ആക്ഷേപമുണ്ട്. രാവിലെ 9.22ഓടെയാണ് ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന റെയ്സിന ഹില്‍സിലെ നോര്‍ത്ത് ബ്ലോക്കില്‍ രണ്ടാം നിലയില്‍ തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേനയെത്തി ഉടന്‍ തീയണച്ചു. കെട്ടിടത്തിലെ എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

നിരവധി സുപ്രധാന രേഖകളും കമ്പ്യൂട്ടറുകളും അലമാര അടക്കം ഫര്‍ണീച്ചറുകളും കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ആദ്യം പ്രചരിച്ചത്.

 

സംഭവത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലുളള തന്ത്രപ്രധാന മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തില്‍ ദുരൂഹതയും ആരോപിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ അടങ്ങുന്ന കെട്ടിടത്തില്‍ നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചേക്കും.

Advertisements
Share news