KOYILANDY DIARY.COM

The Perfect News Portal

അർഹതപ്പെട്ട കേന്ദ്രവിഹിതം ലഭിക്കാൻ കൂട്ടായ പരിശ്രമം വേണം; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: അർഹതപ്പെട്ട കേന്ദ്രവിഹിതം ലഭിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രവിഹിതം അനുവദിക്കുന്നതിലെ വിവേചനപരമായ കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ നിരന്തരം വിവിധ തലങ്ങളിലും വേദികളിലും ഉന്നയിച്ചുവരികയാണെന്ന്‌ കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര നികുതി വിഹിതം പത്താം ധനകാര്യ കമീഷൻ കാലത്തെ 3.88 ശതമാനത്തിൽനിന്ന്‌ പതിനഞ്ചാം ധനകാര്യ കമീഷൻ നിർദ്ദേശത്തിൽ 1.925 ശതമാനമായി കുറഞ്ഞു.

കേന്ദ്ര ഗ്രാന്റുകളും പദ്ധതിവിഹിതങ്ങളും ചുരുക്കി. വായ്പാ പരിധിപോലും വെട്ടിക്കുറച്ചു. ഇത്തരം നിലപാടുകൾക്കെതിരെ നിയമനടപടി ഉൾപ്പെടെ വിവിധ ഇടപെടലുകളാണ് സംസ്ഥാനം നടത്തുന്നത്. ഡൽഹിയിലടക്കം പ്രത്യക്ഷ സമരവും സംഘടിപ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്ര സർക്കാർ അനുശാസിക്കുന്ന ബ്രാൻഡിങ്‌ പാലിക്കുന്നില്ല എന്ന കാരണമുയർത്തി എൻഎച്ച്എം പോലുള്ള പദ്ധതികളുടെ കേന്ദ്ര വിഹിതം തടസ്സപ്പെടുന്നുണ്ട്.

 

കുടിശ്ശിക ഇനത്തിൽ കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കാൻ ബാക്കിയുള്ള വിഹിതം നേടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി തലത്തിൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളുമായി ചർച്ച നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികൾ സംബന്ധിച്ച് വിശദമായ പഠനം നടത്താൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഭരണപരമായ നടപടികൾക്കൊപ്പം സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കേന്ദ്ര വിഹിതങ്ങൾ ലഭിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതങ്ങൾ ഉറപ്പാക്കാൻ ശക്തമായ നിലപാടുകളും നടപടികളും ഇനിയും തുടരുമെന്നും പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.

Advertisements
Share news