KOYILANDY DIARY

The Perfect News Portal

ഐ ടി ഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കും; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഐ ടി ഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പ് “Excellentia 23” അവാർഡ് ദാനവും വികസനരേഖാ പ്രകാശനവും YIP ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. പഠനത്തോടൊപ്പം തൊഴിൽ നൽകുന്ന പദ്ധതിയായ കർമചാരി മാതൃകയിൽ പദ്ധതി ഐ ടി ഐകളിൽ നടപ്പാക്കും.

KDISC- യുടെ മുൻനിര ഇന്നവേഷൻ പരിപാടിയായ വൈ. ഐ. പിയിലൂടെ സർക്കാർ സ്കൂളുകൾ, കോളജുകൾ, നോൺ ടെക്നിക്കൽ ആന്റ് പോളി ടെക്നിക്, എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തവും സ്കൂളുകളിലും കോളജുകളിലും നൂതന സംസ്കാരം വളർത്തുന്നതിനും അദ്ധ്യാപകർക്ക് ചുമതലയും ഉത്തരവാദിത്തവും കൂടുതലായി നൽകുവാനും പട്ടികജാതി- പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ നിന്നുളളവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

Advertisements

കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട നൂതനമായി ഇടപെടലുകൾ ആവശ്യമായ കൃഷി, വനം, സസ്യശാസ്ത്രം, മൃഗസംരക്ഷണം, ജലസംരക്ഷണം, പരമ്പരാഗത വ്യവസായം, കുട്ടികളുടെ പ്രശ്നങ്ങൾ, പ്രായമായവരുടെ പ്രശ്നങ്ങൾ, ദുരന്ത നിവാരണം, മഹാമാരി അനന്തര ഇന്നവേഷനുകൾ തുടങ്ങി 22 പ്രസക്തമായ വിഷയങ്ങളിലാണ് വൈ. ഐ. പി ശ്രദ്ധയൂന്നുന്നത്.

Advertisements

സംസ്ഥാനത്തെ ഐ.ടി.ഐകളിൽ മികച്ച പരിശീലനം ഉറപ്പാക്കുന്നതിനും, ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയാണ് ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി. ഈ പദ്ധതി 2017- 18 മുതൽ വകുപ്പ് നടപ്പിലാക്കി വരുന്നു. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി പ്രകാരം ഐ.ടി.ഐകൾക്ക് ഗ്രേഡുകൾ കരസ്ഥമാക്കാവുന്നതും ഈ ഗ്രേഡിനനുസരിച്ച് 1 മുതൽ 5 വരെ സ്റ്റാർ പദവി ലഭിക്കുന്നതുമാണ്.

2020 ജനുവരി ഒന്ന് മുതൽ 2022 ജനുവരി 31 വരെയുള്ള കാലഘട്ടത്തിലെ പ്രവർത്തന മികവാണ് 2022 വർഷത്തിലെ ഗ്രേഡിംഗ് പദ്ധതിയ്ക്കായി പരിഗണിച്ചിരുന്നത്. കേന്ദ്ര തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗിന്റെ ഐ.ടി.ഐ ഗ്രേഡിംഗിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 50 അളവ് സൂചികകൾ ആണ് പരിശോധനയ്ക്കായി ഉൾപ്പെടുത്തിയിരുന്നത്. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി 2022-ലേയ്ക്ക് പങ്കെടുക്കുന്നതിനായി 407 സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്.