KOYILANDY DIARY

The Perfect News Portal

പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് 1032. 62 കോടി രൂപയാണ് അനുവദിച്ചത്. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി രൂപ, സ്‌കൂളുകൾ സാങ്കേതിക സൗഹൃദമാക്കാൻ 27.50 കോടി രൂപ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ 5.15 കോടി രൂപ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 14.80 കോടി രൂപ, സ്‌കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി രൂപ എന്നിങ്ങനെ എല്ലാ മേഖലയെയും പരിഗണിച്ച ബജറ്റ് ആണ് ഇത്.

എല്ലാ ജില്ലയിലും ഓരോ മോഡൽ സ്‌കൂൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. സ്‌കൂളുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവരും. അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ റസിഡൻഷ്യൽ പരിശീലനം ഉറപ്പാക്കും. ഇതാദ്യമായി ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകർ തുടങ്ങിയവരുടെ പെർഫോമൻസ് വിലയിരുത്തും. ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികൾക്കായി ഒരു കോടി രൂപ, സ്‌കൂൾ സൗജന്യ യൂണിഫോം പദ്ധതിക്ക്  15.34 കോടി രൂപ വർധിപ്പിച്ച് 155.34 കോടി രൂപ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപ, കൈറ്റിന്റെ പ്രവർത്തനങ്ങൾക്കായി 38.50 കോടി രൂപ, ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്‌ക്ക് 75.20 കോടി രൂപ, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്‌ക്ക് 13 കോടി രൂപ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ, എസ്‌സിഇആർടിക്ക് 21 കോടി രൂപ, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ, സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിക്ക് 340 കോടി രൂപ, ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയുടെ പരമാവധി ആവശ്യങ്ങൾ പരിഗണിക്കാൻ ബജറ്റിനായി.

 

ഒരു വിദ്യാർത്ഥിയെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കുന്നതിനായി സർക്കാർ ചെലവഴിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. മികച്ച തൊഴിലുകൾ സമ്പാദിക്കാനും വിദേശത്ത് ഉൾപ്പെടെ പോയി ജോലി നേടുന്നതിനും സഹായകരമാകുന്നത് വിദ്യാഭ്യാസമാണ്. തങ്ങൾ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ചിലരെങ്കിലും സർക്കാരിനെ സമീപിക്കാറുണ്ട്. ഇപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധതയുള്ളവരെ സർക്കാർ സ്വാഗതം ചെയ്യും. എല്ലാവരും സഹായിക്കുന്ന നമ്മുടെ നേട്ടങ്ങൾ സംരക്ഷിക്കുന്ന ഫണ്ടായി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി ഓൺലൈൻ പെയ്മെന്റ് സംവിധാനം ഏർപ്പെടുത്തും. ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദമായ രൂപമുണ്ടാക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതി തയ്യാറാക്കും. ഇതിനുള്ള സീഡ് ഫണ്ടായി അഞ്ചുകോടി രൂപ വകയിരുത്തിയത് ഒരു മികച്ച തുടക്കമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Advertisements