കാനത്തിൽ ജമീല പത്രിക സമർപ്പിച്ചു
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. കെ ദാസൻ എം എൽ എ, എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി മണ്ഡലം ചെയർമാൻ എം പി ശിവാനന്ദൻ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ ആദ്യ പത്രികാസമർപ്പണമാണിത്. എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിൽ നിന്ന് നേതാക്കളും പ്രവർത്തകരുമായി നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ പി സതീദേവി, ജില്ലാ സെക്രട്ടറി കെ. പുഷ്പജ, നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, പഞ്ചായത്തു പ്രസിഡൻ്റുമാരായ സതി കിഴക്കയിൽ (ചേമഞ്ചേരി), ഷീബ മലയിൽ (ചെങ്ങോട്ടുകാവ്), എൽ ഡി എഫ് നേതാക്കളായ പി വിശ്വൻ, ഇ കെ അജിത്ത്, ടി ചന്തു, കെ കെ മുഹമ്മദ്, എം പി ഷിബു, സി സത്യചന്ദ്രൻ, കെ ടി എം കോയ, രാമചന്ദ്രൻ കുയ്യാണ്ടി, കബീർ സലാല, ഹുസൈൻ തങ്ങൾ, എസ് സുനിൽ മോഹൻ, കെ ജീവാനന്ദൻ. കെ സത്യൻ, ടി വി ഗിരിജ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വടകരക്കുള്ള യാത്രാമധ്യേ പ്രകടനം കണ്ട മന്ത്രി എ കെ ശശീന്ദ്രൻ കാർ നിർത്തിയിറങ്ങി പ്രകടനത്തെ അഭിവാദ്യം ചെയ്തു.

