KOYILANDY DIARY

The Perfect News Portal

ജിയോവാനി റോസോ മുത്തച്‌ഛന്‌ 103 വയസുണ്ട്‌. ഡ്രൈവിങ്‌നു 82 വയസും

ലണ്ടന്‍: ജിയോവാനി റോസോ മുത്തച്‌ഛന്‌ 103 വയസുണ്ട്‌. സ്‌റ്റിയറിങ്ങിനു പിന്നില്‍ 82 വര്‍ഷത്തെ അനുഭവം അദ്ദേഹത്തിനുണ്ട്‌. അപകടങ്ങളില്‍പ്പെടാതെ ഇത്രയുംനാള്‍ വാഹനമോടിച്ചതാണ്‌ അദ്ദേഹത്തെ മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നത്‌.
പ്രായത്തിന്റേതായ അവശതയുണ്ടെങ്കിലും മക്കളും കൊച്ചുമക്കളുമായി നഗരം ചുറ്റുകയാണ്‌ ആരോഗ്യരഹസ്യമെന്ന്‌ അദ്ദേഹം പറയുന്നു. 23 വര്‍ഷം പഴക്കമുള്ള മിറ്റ്‌സുബിഷി ലാന്‍സറിലാണ്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ യാത്രകള്‍. ഇറ്റാലിയന്‍ പട്ടാളത്തില്‍ ക്ലര്‍ക്ക്‌ ജോലി ലഭിച്ചപ്പോഴാണു റോസോ മുത്തച്‌ഛന്‍ ഡ്രൈവിങ്‌ പഠിക്കുന്നത്‌. 20 -ാം വയസില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ലഭിച്ചു. ആദ്യം സൈനിക വാഹനങ്ങളാണ്‌ ഓടിച്ചത്‌. പിന്നീട്‌ ബ്രിട്ടനിലെത്തി. 1953 ലാണു ബ്രിട്ടിഷ്‌ ലൈസന്‍സ്‌ ലഭിച്ചത്‌.
“വാഹനം ഓടിക്കാനുള്ള ആരോഗ്യം എനിക്കുണ്ട്‌. കാഴ്‌ചാപ്രശ്‌നങ്ങളുമില്ല. ഏതു വഴിയിലൂടെയും ഓടിക്കാനുള്ള ധൈര്യം എനിക്കുണ്ട്‌. വര്‍ഷങ്ങളുടെ പരിചയമാണ്‌ എനിക്കുള്ള പിന്‍ബലം. ആരോഗ്യമുള്ള കാലത്തോളം ഞാന്‍ വാഹനം ഓടിക്കും”- അദ്ദേഹം അറിയിച്ചു. രണ്ട്‌ തവണ അമിതവേഗത്തിന്റെ പേരില്‍ പിഴ ലഭിച്ചതാണ്‌ ആകെയുള്ള ട്രാഫിക്‌ ലംഘനം. ഡ്രൈവിങ്‌ ലൈസന്‍സ്‌ ലഭിക്കാന്‍ 17 വയസാണു ബ്രിട്ടനില്‍ കുറഞ്ഞ പ്രായം. വയോധികരുടെ ഡ്രൈവിങ്‌ നിരുത്സാഹപ്പെടുത്തുന്ന കീഴ്‌വഴക്കവുമില്ല. 70 വയസിലേറെ പ്രായമുള്ളവര്‍ മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ്‌ പുതുക്കണമെന്ന വ്യവസ്‌ഥയുണ്ടെന്നു മാത്രം.