ലോകത്തിലെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും
തിരുവനന്തപുരം: ഒരിക്കല്‍ കൂടി അന്താരാഷ്ട്ര അംഗീകാരത്തിൻ്റെ നെറുകില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിന് പുറത്ത് വിട്ട ലോകത്തെ ഏറ്റവും സ്വാധീനമുളള വനിതകളുടെ പട്ടികയില്‍ കെ.കെ ശൈലജ ഇടം നേടി. ലോകശ്രദ്ധ നേടിയ 12 വനിതകളുടെ പട്ടികയാണ് ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിന് പുറത്ത് വിട്ടിരിക്കുന്നത്.
ലോകത്തെ നൂറ് കണക്കിന് പ്രമുഖരായ സ്ത്രീകളില്‍ നിന്നാണ് വായനക്കാര്‍ 12 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ലോകത്തെ സ്നേഹവും ആദരവും പിടിച്ച് പറ്റിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡനാണ്. ഈ പട്ടികയില്‍ പതിനൊന്നാമതായാണ് കേരളത്തിൻ്റെ അഭിമാനമായ ആരോഗ്യമന്ത്രി കെകെ ശൈലജ ഇടം പിടിച്ചിരിക്കുന്നത്.

അടുത്തിടെ അമേരിക്കയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കമല ഹാരിസും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടാണ് കമല ഹാരിസ്. ഇവരെ കൂടാതെ ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അംബ്രാസ് എന്നിവരും പട്ടികയിലുണ്ട്.

ഗായിക ടെയ്ലര് സ്വിഫ്റ്റ്, ബയോടെക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒസ്ലെ ടുറെസി, തായ്വാന് പ്രസിഡണ്ട് സായ് ഇങ് വെന്‍, അന്തരിച്ച അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി റുത് ബാഡര്‍ ഗിന്‍സ് ബെര്‍ഗ് എന്നിവരും പട്ടികയിലുണ്ട്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വഹിച്ച പങ്കാണ് കെകെ ശൈലജയ്ക്ക് ആഗോള പ്രശസ്തി നേടിക്കൊടുത്തത്.

നേരത്തെ നിപ്പയെ കൈകാര്യം ചെയ്തതിലും കേരളത്തിന്റെ ആരോഗ്യമന്ത്രി ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരവും ശൈലജ ടീച്ചറെ തേടിയെത്തിയിരുന്നു.
