KOYILANDY DIARY.COM

The Perfect News Portal

ലോക് ഡൗണിൽ അകലം പാലിച്ച് രണ്ട് പേർ കൊയിലാണ്ടിയിൽ വിരുന്നെത്തി

കൊയിലാണ്ടി: ഈ കോവിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ആരെങ്കിലും വിരുന്നെത്തിയാൽ അവരെ സ്വീകരിച്ചിരുത്തി സൽക്കരിക്കാൻ ആർക്കുമുണ്ടാകും ആദ്യം ഒരു വിമ്മിഷ്ടം. അതും റെഡ് സോണിൽ നിന്നാണോ ഓറഞ്ച് സോണിൽ നിന്നാണോ എന്നൊന്നും ഒരു പിടിയുമില്ലെങ്കിൽ അവരെ സ്വീകരിക്കാൻ മടിക്കുക തന്നെ ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ അഭിലാഷ് സദനിൽ വീട്ടുകാർ പ്രതീക്ഷിക്കാതെ എത്തിയത് രണ്ട് അതിഥി കുരങ്ങുകളാണ്.
ലോക് ഡൗൺ വിരസത ഒന്ന് മാറിക്കിട്ടാൻ എന്തുണ്ട് വഴി എന്ന് ചിന്തിച്ചിരിക്കെയാണ് ഗൃഹനാഥനായ വാസുവിന്റെ വീട്ടിലേക്ക്  അവർ കൊറോണ കാലത്തെ വിരുന്നുകാരായി എത്തിയത്. ഒരു മടിയുമില്ലാതെ വീട്ടുകാർ അവരെ സ്വീകരിച്ചു. സന്തോഷത്തോടെ വിശേഷങ്ങൾ ചോദിച്ചിട്ടും അവർ മൗനം പാലിച്ചു. കൈനഖങ്ങൾ കൊണ്ട് കാട്ടുവള്ളികൾ പിച്ചിക്കൊണ്ട് കണ്ണുകൾ ഇടക്കിടെ ചിമ്മി. അവർ സർക്കാർ നിർദ്ദേശിച്ച മാസ്ക് ധരിച്ചിരുന്നില്ല. കൂട്ടം കൂടരുതെന്നോ തുമ്മരുതെന്നോ അവർക്ക് അറിയുമായിരുന്നില്ല. എങ്കിലും എന്തോ പന്തികേടുണ്ടെന്ന് മനസ്സിൽ തോന്നിയിരിക്കാം. അത് കൊണ്ടാവാം  അപ്പോഴും അവർ നിശ്ചിത അകലം പാലിച്ച് വീടിന്റ മതിൽക്കെട്ടിന് മീതെ അല്പം യാത്രാ ക്ഷീണം പ്രകടിപ്പിച്ച് ഒതുങ്ങി ഇരുന്നത്.
വീട്ടുകാർ സന്തോഷപൂർവ്വം അതിഥികൾക്ക് പഴവും പച്ചക്കറിയും തേങ്ങാപ്പൂളുമൊക്കെ നൽകാൻ മത്സരം തന്നെ നടത്തി. അയൽക്കാരും അകലം പാലിച്ച് അതിഥികളെ കാണാനെത്തി. സമീപത്തെ കാവിൽ നിന്നാണ് അവരെത്തിയതെന്ന് പരിചിതർ പറഞ്ഞു. ഒടുവിൽ ഏറെ നേരം നിസ്സംഗരായി  ആ മതിൽക്കെട്ടിന് മീതെ അവർ  മനുഷ്യരെതന്നെ നോക്കിന്നു. ഒടുവിൽ രോമാവൃതമായി നീണ്ട വാലുകൾ പൊക്കി മരച്ചില്ലകളിലേക്ക് ചാഞ്ചാടി രണ്ട്പേരും അടുത്ത് കേന്ദ്രത്തിലേക്ക് നീങ്ങി.
Share news

Leave a Reply

Your email address will not be published. Required fields are marked *