ഭീകരവാദക്കേസുകളില്‍ 47 പേരെ സൌദി അറേബ്യ വധ ശിക്ഷയ്ക്ക് വിധേയമാക്കി

സൌദി : മനാമ ഭീകരവാദക്കേസുകളില്‍ 47 പേരെ സൌദി അറേബ്യ വധ ശിക്ഷയ്ക്ക് വിധേയമാക്കി. ജിസാന്‍ ഒഴികെ 12 പ്രവിശ്യകളില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കിയത്. കിഴക്കന്‍ പ്രവിശ്യയിലെ പുരോഹിതനായ നമിര്‍ അല്‍നമിര്‍ ഉള്‍പ്പെടെ വധശിക്ഷയ്ക്ക് വിധേയരായ 47 പേരുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. 45 പേര്‍ സൌദി പൌരന്മാരും രണ്ടുപേര്‍ ഈജിപ്ത്, ഛാഡ് പൌരന്മാരുമാണ്. മിക്ക പ്രതികളും അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ ഖായ്ദയുമായി ബന്ധമുള്ളവരാണ്.
റിയാദില്‍ ആഭ്യന്തരമന്ത്രാലയവും പാശ്ചാത്യര്‍ താമസിച്ചിരുന്ന സ്ഥലവും ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റും അടക്കമുള്ള കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്തിയ കേസുകളിലെ പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. ഭീകരസംഘടനകളില്‍ ചേരുകയും രാജ്യത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് ചുമത്തിയ കുറ്റം. ജയിലറയ്ക്കുള്ളിലാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്നും അത് ചിത്രീകരിച്ചിട്ടില്ലെന്നും മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. നാലിടത്ത് വെടിവച്ചും മറ്റു സ്ഥലങ്ങളില്‍ തലവെട്ടിയുമാണ് ശിക്ഷ നടപ്പാക്കിയത്. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍, അല്‍ജൌഫ്, നജ്റാന്‍, അല്‍ബാഹ, തബൂക്ക് എന്നീ പ്രവിശ്യകളിലാണ് ശിക്ഷ നടപ്പാക്കിയത്.

