കൊയിലാണ്ടി നഗരസഭ മാസ്റ്റർ പ്ലാൻ 2033 ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും: ചെയർമാൻ
കൊയിലാണ്ടി. കൊയിലാണ്ടി നഗരത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെ ച്ച് ഗവർമെൻ്റ് നിർദേശ പ്രകാരമാണ് 2012ൽ മേഖലാ നഗരാസൂത്രണ ഓഫീസറുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആരംഭം കുറിച്ചത്. 2012 മുതൽ വിവിധ മേഖലകളിലും തലങ്ങളിലുമായി ചർച്ച ചെയ്തതിന് ശേഷം നഗരാസൂത്രണ വകുപ്പ് കൊയിലാണ്ടി മാസ്റ്റർ പ്ലാൻ കരട് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത കരട് മാസ്റ്റർ പ്ലാൻ 2033 ജനങ്ങളുടെ മുമ്പാകെ ചർച്ച ചെയ്യുന്നതിന് 2020 മാർച്ച് 8 ന് ശിൽപശാല നടത്തുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും, ആക്ഷേപങ്ങളും സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കുകയും ചെയ്തു. 2020 ഏപ്രിൽ 10 വരെ വിവിധ മേഖലകളിലുള്ളവർക്കും പൊതുജനങ്ങൾക്കും കരട് മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാവുന്നതാണ്.
ലഭിക്കുന്ന ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ടൗൺ പ്ലാൻ, നഗരസഭാ സെക്രട്ടറി, ജനപ്രതിനിധികൾ ഉൾപ്പെടുന്ന സ്‌പെഷ്യൽ കമ്മിറ്റി പരിശോധിക്കുകയും ആക്ഷേപമുള്ളവരിൽ നിന്നും വിശദമായ വാദം കേൾക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നതാണ്. കരട് മാസ്റ്റർ പ്ലാൻ നിർദ്ദേശിച്ചിട്ടുള്ള ദർശന മുക്കിലെ ബസ്റ്റാന്റിനും, കോമത്ത്കരയിലെ അഗ്രിക്കൾച്ചറൽ മാർക്കറ്റിനും നിർദേശിച്ച സ്ഥലങ്ങൾ ജനനിബിഡമായ പ്രദേശങ്ങളായതിനാൽ ആയവ നിർദ്ദിഷ്ട സ്ഥലത്ത് നിന്നും മാറ്റാൻ നഗരാസൂത്രണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകളുടെ വീതിയുടെ കാര്യ ത്തിലും വിവിധ സോണുകളുടെ കാര്യത്തിലും പൊതുജനങ്ങളുടെ നിർദേശങ്ങളും ആക്ഷേപങ്ങളും പരിഗണിച്ച് മാത്രമെ മുന്നോട്ടു പോവുകയുള്ളു.

കൊയിലാണ്ടി നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ഒരു മാസ്റ്റർ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ
ചിട്ടപ്പെടുത്താൻ ചുമതലപ്പെട്ട നഗരാസൂത്രണ വകുപ്പിന്റെ കരട് നിർദേശങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. കൊയിലാണ്ടിയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് കൊണ്ട് മാത്രമെ മാസ്റ്റർ 2033 നടപ്പിലാക്കു എന്ന് മുനിസി പ്പൽ ചെയർമാൻ അഡ്വ: കെ.സത്യൻ പത്രക്കുറി പ്പിലൂടെ വിശദമാക്കി.

