കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു

കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നടത്തിയ സമരം ഡിസിസി പ്രസിഡണ്ട് ടി. സിദ്ധീഖിൻ്റെ അദ്ധ്യക്ഷതയിൽ കെപിസിസി ജനറൽ സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ സമരാനുകൂലികൾ രണ്ട് ട്രെയിനുകൾ തടഞ്ഞു. കോഴിക്കോട് കണ്ണൂർ പാസഞ്ചർ, മംഗ്ലൂർ വൈഷ്ണവ് ദേവി നവീൻ എക്സ്പ്രസ്സ് എന്നിവയാണ് തടഞ്ഞിട്ടത്. ഇതോടെ ഇരുപത് മിനിറ്റോളം ട്രെയിൻ ഗാതാഗതം നിലക്കുകയുണ്ടായി. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി രാത്ര 7 മണിയോടെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേർന്ന പ്രവർത്തകർ കേന്ദ്രസർക്കാരിനെതിരെ ഏറെനേരം മുദ്രാവാക്യം വിളികളുമായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി. വി. സുധാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി അംഗംങ്ങളായ വി ടി സുരേന്ദ്രൻ, യു. രാജീവൻ, രാജേഷ് കീഴരിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

