പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊയിലാണ്ടിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ. ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യാഗ്രഹത്തിൽ പ്രതിഷേധമിരമ്പി. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹത്തിന് ഐക്യദാർഡ്യമായാണ് കൊയിലാണ്ടിയിലും സത്യാഗ്രഹമിരുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കം നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.
നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ കെ.ദാസൻ എം.എൽ.എ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ സ്വാഗതം പറഞ്ഞു. പയ്യോളി നഗരസഭാ ചെയർപേഴ്സൺ വി.ടി.ഉഷ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി. അജിത, ശാലിനി ബാലകൃഷ്ണൻ എന്നിവരും രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ടി. ചന്തു മാസ്റ്റർ, ഇ.കെ. അജിത് മാസ്റ്റർ, ഹുസൈൻ ബാഫക്കി തങ്ങൾ, നൗഫൽ നന്തി, ഇ.എസ്.രാജൻ, കബീർ സലാല, സി.സത്യചന്ദ്രൻ , എം. കെ.പ്രേമൻ, മുജീബ്, ഷിബു തുടങ്ങിയവർ സംസാരിച്ചു.
