KOYILANDY DIARY.COM

The Perfect News Portal

സുരേഷിന് വോട്ട് കുറയാന്‍ കാരണം ആര്‍ എസ് എസ് പ്രതികാരം തന്നെ; വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന് വോട്ട് മറിച്ചവര്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.എസ്.എസിന്റെ വോട്ടുചോര്‍ത്തലിനെതിരെ പരിവാറിന്റെ ദേശീയ നേതൃത്വത്തിന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കും. അഡ്വ എസ് സുരേഷിനെ വൈരാഗ്യ ബുദ്ധിയില്‍ തകര്‍ക്കാന്‍ ആര്‍ എസ് എസ് നേതൃത്വം ശ്രമിച്ചുവെന്നാണ് ആരോപണം. കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ ആര്‍ എസ് എസിലെ ഒരു വിഭാഗം നിലപാട് എടുത്തു. ഇതാണ് വന്‍ പരാജയത്തിന് കാരണം. വരും തെരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് മുന്നേറ്റത്തിന് ശ്രമിക്കുന്ന ബിജെപിക്ക് വട്ടിയൂര്‍കാവിലെ വോട്ട് ചോര്‍ച്ച വലിയ തിരിച്ചടിയാണെന്ന് ബിജെപി ജില്ലാ നേതൃത്വവും കരുതുന്നു.

മുമ്പ് സികെ പത്മനാഭന്‍ തിരുവനന്തപുരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 35000ത്തിന് അടുത്ത് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അന്ന് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രതികാര മനോഭാവാണ് സികെ പത്മനാഭന് വിനയായത്. ഇതേ രീതിയാണ് വട്ടിയൂര്‍കാവിലും സംഭവിച്ചത്. സുരേഷിനോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ വോട്ട് സിപിഎമ്മിന് മറിച്ച്‌ നല്‍കി. സംഘവുമായി മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരാളുടെ സഹായത്തോടെ ഒരുവിഭാഗത്തിന്റെ വോട്ട് ഇടത് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനു കിട്ടിയെന്നാണ് ബിജെപിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ച.

ആര്‍.എസ്.എസും ബിജെപി.യും തങ്ങളുടെ ‘എ ക്ലാസ്’ മണ്ഡലമായി കരുതുന്ന വട്ടിയൂര്‍ക്കാവിലെ ഈ അട്ടിമറി ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലെ അമര്‍ഷവും സാമുദായികസംഘടനകളുടെ നിലപാടുകളോടുള്ള പ്രതിഷേധവുമാണ് ഇടതുസ്ഥാനാര്‍ത്ഥിയെ സഹായിക്കാന്‍ പ്രേരണയായത്. സിപിഎമ്മിന്റെ ചില നേതാക്കളുടെ അറിവോടെയാണിതെല്ലാം നടന്നതെന്നും പറയുന്നു. തിരുവനന്തപുരത്ത് തദ്ദേശസ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് വോട്ടുമറിക്കലിന് ഇടനിലക്കാരനായതെന്നു പറയുന്നു. നേരത്തേ സംഘപരിവാര്‍ യുവപ്രചാരകനായിരുന്ന ഇയാള്‍ പിന്നീട് സംഘടന വിടുകയും സിപിഎമ്മിനോട് അനുഭാവം കാട്ടുകയും ചെയ്തു. ഇങ്ങനെയാണ് താത്കാലികജോലി നേടിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

Advertisements

പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇടപട്ടിരുന്ന ഇയാള്‍വഴിയാണ് സംഘംനേതാക്കളുടെ വോട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. വട്ടിയൂര്‍ക്കാവില്‍ ബിജെപി., ആര്‍.എസ്.എസ്. വോട്ടുകള്‍ സിപിഎമ്മിലേക്ക് എത്തിക്കാന്‍ ധാരണയുണ്ടെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സുരേഷിന് വോട്ട് കുറഞ്ഞത്. സംസ്ഥാനത്ത് ബിജെപിയുടെ കണക്ക്കൂട്ടലുകളും പ്രതീക്ഷകളും ഒരിക്കല്‍ കൂടി തകര്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടവും കേരളത്തില്‍ പാര്‍ട്ടി വളര്‍ച്ചയുടെ ഗ്രാഫുകള്‍ തേടുന്ന ഇടങ്ങളായിട്ടും ഒരിടത്തും പോലും കാര്യമായ രീതിയില്‍ മുന്നോട്ട് പോകാനായില്ല. ഇത് വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കും.

വട്ടിയൂര്‍കാവ്, കോന്നി, മഞ്ചേശ്വരം ബിജെപിക്ക് കണക്ക് കൂട്ടലുകള്‍ ഏറെയായിരുന്നു. പക്ഷേ മോഹങ്ങള്‍ പൂവണിഞ്ഞില്ലെന്ന് മാത്രമല്ല, പറയത്തക്ക മുന്നേറ്റം സൃഷ്ടിക്കാനുമായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂര്‍കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16247 വോട്ടുകളും കുറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *