ജോളി ചുരുളഴിയാത്ത ദുരൂഹത, വിളക്കേണ്ട കണ്ണികള്‍ ഇനിയും ഏറെ

സിനിമാക്കഥകളെ പോലും വെല്ലുന്ന സംഭവങ്ങളാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. ക്രൈം ത്രില്ലറുകളെ കടത്തിവെട്ടുന്ന തിരക്കഥയും സംവിധാനവുമാണ് ജോളിയെന്ന യുവതി കൂടത്തായിയില്‍ കാഴ്ച്ചവെച്ചത്. 2002ല്‍ നടന്ന കൊലപാതകം പോലും മറനീക്കി പുറത്തുവന്നുകഴിഞ്ഞു. പക്ഷേ അപ്പോഴും ചുരുളഴിയാതെ ഒന്നിനും പിടിതരാതെ നില്‍ക്കുന്ന ഒന്നുണ്ട്, ജോളിയെന്ന ദുരൂഹത. അന്വേഷണങ്ങള്‍ക്കും അപ്പുറത്തുള്ള പ്രഹേളികയായി മാറുകയാണ് ജോളി എന്ന സ്ത്രീ… ഒരു സ്ത്രീ ഒറ്റയ്ക്ക് ഇത്രയും പേരെയോ എന്നതാണ് കൂടാത്തായ് ഏതൊരാളെയും കൊണ്ടുചെന്നത്തിക്കുന്ന സംശയം.
പ്രേരണ പ്രണയമോപണമോ

കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മാതാപിതാക്കളെയും കുട്ടികളെയും കൊന്ന പിണറായി കൂട്ടക്കൊല കേസിലെ സൗമ്യയെ ആരും മറന്നുകാണില്ല. പക്ഷേ കൂടത്തായിയില്‍ പണമാണോ പ്രണയമാണോ ജോളിയെ സീരിയല്‍ കില്ലറാക്കിയത് എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഷാജുവിനോടുള്ള പ്രണയം സ്വന്തം ഭര്‍ത്താവിനെയും ഷാജുവിന്റെ ഭാര്യയെയും മകളെയും കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വരുമ്ബോഴും ആ പ്രണയം വെറും അഭിനയമാണെന്നവാര്‍ത്തകളും പുറത്തുവരുന്നുണ്ട്.സ്വത്താണ് ജോളിയുടെ പ്രണയത്തിന് പിന്നിലെന്ന മൊഴിയും പുറത്തുവരുന്നു. താന്‍ പോലും കബളിപ്പിക്കപ്പെട്ടുവെന്ന് ഷാജു തന്നെ പറയുന്നു. ഷാജുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന മൊഴി ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കി. ജോളിയെ പ്രതികൂട്ടില്‍ നിര്‍ത്തി ഷാജുവും പരസ്യപ്രസ്താവനകള്‍ നല്‍കി തുടങ്ങി.

കൊലയ്ക്ക് ശേഷം അന്ത്യ ചുംബനം

ഒരാളെ കൊല്ലുക, അയാളുടെ സംസ്‌കാര ചടങ്ങിന് വന്ന് റീത്ത് വയ്ക്കുക. ഇതൊക്കെ സിനിമകളില്‍ സര്‍വ്വ സാധാരണമാണ്. പക്ഷേ സിനിമാ രംഗങ്ങളെ കടത്തിവെട്ടുന്നതായി ജോളിയുടെ അഭിനയം. താന്‍ കൊന്ന സിലിയുടെ മൃതദേഹത്തില്‍ ജോളി അന്ത്യചുംബനം നല്‍കി. അതും ഷാജുവിനോടൊപ്പം. സിലി മരിച്ചതാകട്ടെ ജോളിയുടെ മടിയില്‍ കിടന്നും. സിലിയുടെയും ഷാജുവിന്റെയുംമകളെ ആശുപത്രിയില്‍ എത്തിക്കുമ്ബോഴും ജോളിയുണ്ടായിരുന്നു കൂടെ.
ബ്യൂട്ടീഷനോ എന്‍ഐടി പ്രഫസറോ
എന്‍ഐടിയില്‍ പ്രഫസറാണെന്നാണ് ഭര്‍ത്താവായിരുന്ന ഷാജുവിനോടു പോലും ജോളി പറഞ്ഞിരുന്നത്. പക്ഷേ പാരലല്‍ കോളേജില്‍ നിന്ന് ബികോം പൂര്‍ത്തിയാക്കി എന്നതല്ലാതെ ജോളിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ഇതിനിടെ എന്‍ഐടിയ്ക്ക് അടുത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ജോളിയുടെ സുഹൃത്തെന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഇതിനിടെ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി ഈ വാര്‍ത്തകള്‍ നിഷേധിച്ചു. മാസത്തിലൊരിക്കല്‍ ബ്യൂട്ടിപാര്‍ലറിലെത്തുന്ന എന്‍ഐടി പ്രഫസറായ കസ്റ്റമര്‍ ജോളിയെ മാത്രമെ ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കും അറിയൂ. പക്ഷേ എന്‍ഐടിയിലെ പരസരപ്രദേശങ്ങളില്‍ ജോളി സുപരിചിതയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
പെണ്‍കുട്ടികളോട് അലര്‍ജി
തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമില്ലായിരുന്നുവെന്നും മുന്‍ ഭര്‍ത്താവിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി തന്നെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒന്നിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പിന്നില്‍ ആരൊക്കെ
ആറു കൊലപാതകങ്ങള്‍ നടത്തിയതും 17 വര്‍ഷം പിടിക്കപ്പെടാതെ ഇരുന്നതും ജോളിയുടെ മാത്രം ബുദ്ധിയാണെന്ന് വിശ്വസിക്കുക പ്രയാസം. രാഷ്ട്രീയത്തിലടക്കം ജോളിക്ക് ബന്ധങ്ങളും പിടിപാടുകളും ഉണ്ട്. ഒരുനേതാവ് ജോളിയുടെ അടുത്ത സുഹൃത്താണെന്നും രക്ഷപ്പെടാനുള്ള വഴി ഇയാളുമായി കൂടിയാലോചിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിടിക്കപ്പെടാതിരുന്ന 17 വര്‍ഷങ്ങള്‍
ജോളി പുകമറയ്ക്ക് ഉള്ളില്‍ നിന്ന 17 വര്‍ഷങ്ങളും ദുരുഹത ഉയര്‍ത്തുന്നതാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് കൂടത്തായ് പരമ്ബരയിലെ അവസാന മരണം നടന്നത്. എന്നിട്ടും ജോളിയെ വെളിച്ചത്ത് കൊണ്ടുവരാന്‍ മൂന്നിലധികം വര്‍ഷങ്ങള്‍ വേണ്ടിവന്നു. പരാതി ഉന്നയിച്ച ബന്ധുക്കള്‍ക്ക് പോലും സംശയം തോന്നാന്‍ ഇത്രയും വൈകിയത് എന്തേ എന്നതും സംശയം ജനിപ്പിക്കുന്നതാണ്.
കൊല്ലപ്പെടേണ്ടി ഇരുന്നവര്‍.. തല നാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍..
താന്‍ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നുവെന്ന് ഷാജുതന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീട്ടുജോലിക്കാര്‍ക്ക് നേരെ പോലും വധശ്രമുണ്ടായതായി സംശയിക്കുന്നുവെന്ന് പൊന്നമറ്റം വീട്ടിലെ ജോലിക്കാരി ത്രേസ്യാമ്മപറയുന്നു. ഇതിനിടെ ചോദ്യം ചെയ്യലില്‍ റെഞ്ചിയെയും മകളെയും കൊലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് ജോളിതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരിക്കല്‍ ജോളി തന്ന അരിഷ്ടം കഴിച്ചശേഷം തലക്കറക്കം വന്നതായി റെഞ്ചി ഓര്‍ത്തെടുത്തുക്കുന്നു. അങ്ങനെ എങ്കില്‍ ജോളി പിടിക്കപ്പെടാന്‍ വൈകിയിരുന്നെങ്കില്‍മരണങ്ങളുടെ ഗ്രാഫ് ഇനിയും ഉയര്‍ന്നേനെ..
ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. 2002ലെ അന്നമ്മയുടെ കൊലപാതകം അടക്കം കോടതിയില്‍ തെളിയിക്കണമെങ്കില്‍ ജോളിയുടെ കുറ്റസമ്മത മൊഴി പോരാതെ വരും. ജോളിയുമായി ബന്ധപ്പെട്ട് വിളക്കിച്ചേര്‍ക്കേണ്ട കണ്ണികള്‍ ഇനിയും നിരവധിയുണ്ട്. അന്വേഷണം അവസാനിക്കുമ്ബോള്‍ ജോളിയെന്ന പ്രഹേളികയ്ക്ക് ഉത്തരമാകുമെന്ന് പ്രതീക്ഷിക്കാം..
സേവ് BJP പോസ്റ്റർ: കൊയിലാണ്ടി ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാക്കുന്നു
കൊയിലാണ്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് DYFI പ്രക്ഷോഭത്തിലേക്ക്
ഭവന രഹിതർക്കായി കൊയിലാണ്ടി നഗരസഭയിൽ ലൈഫ് സമുച്ചയമൊരുങ്ങുന്നു
