KOYILANDY DIARY

The Perfect News Portal

കെ. ദാസൻ MLAയുടെ ഇടപെടൽ: കൊയിലാണ്ടിക്ക് “കിക്കോഫ് ” ഫുട്ബോൾ പരിശീലന കേന്ദ്രം

കൊയിലാണ്ടി: സംസ്ഥാന സർക്കാർ കായിക വകുപ്പ് കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന കിക്കോഫ്  പദ്ധതിയുടെ  പരിശീലന കേന്ദ്രമായി കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ തെരെഞ്ഞടുത്തു.  ദീർഘകാല അടിസ്ഥാനത്തിൽ ചെറുപ്രായത്തിൽ തന്നെ ഫുട്ബോളിൽ സൗജന്യമായി  വിദഗ്ധ പരിശീലനം നൽകി ഭാവിയിൽ മികച്ച ഫുട്ബോൾ താരങ്ങളായി കുട്ടികളെ വാർത്തെടുക്കുന്ന പദ്ധതി കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സർക്കാർ ആരംഭിച്ചത്.  ആദ്യഘട്ടത്തിൽ ആൺകുട്ടികൾക്കായാണ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചത്.  ഇപ്പോൾ രണ്ടാം ഘട്ടത്തിൽ പെൺകുട്ടികൾക്കും പരിശീലന കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നു. കേരള ഗവണ്‍മെന്റ് കിക്ക് ഓഫ് (KICK OFF) എന്ന് നാമകരണം ചെയ്താണ് ഈ പ്രോജക്ടിന് തുടക്കമിട്ടത്.
കെ.ദാസൻ എം.എൽ.എ യുടെ നിരന്തരമായ ഇടപെടലിൻ്റെ  ഭാഗമായാണ് കൊയിലാണ്ടിക്ക് പരിശീലന കേന്ദ്രം അനുവദിച്ചു കിട്ടിയത്.  സംസ്ഥാനത്ത് ആകെ അനുവദിച്ച 14 കേന്ദ്രങ്ങളിൽ ഒന്നാണ് കൊയിലാണ്ടിയിലേത്. തെരെഞ്ഞെടുക്കപ്പെടുന്ന 25 പെൺകുട്ടികൾക്കാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുന്നത്.  2009 ജനുവരി 1 നും 2011 ഡിസംബർ 31 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കാണ് അവസരം. 
ഓൺലൈൻ അപേക്ഷയും കൂടുതൽ വിവരങ്ങളും www.sportskeralakickoff.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
പരിശീലനത്തിൻ്റെ ഭാഗമായി ഫുട്ബോൾ കിറ്റുകൾ, ഭക്ഷണം, വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, ഫുട്ബോൾ രംഗത്തെ വിദഗ്ധരുടെ ക്ലാസുകൾ, ഇൻ്റർ – സെൻ്റർ ടൂർണമെന്റുകളിലെ പങ്കാളിത്തം, പഠനയാത്രകൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും. അപേക്ഷകൾ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്.    ഓരോ പരിശീലന കേന്ദ്രത്തിലും 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ച 25 കുട്ടികളെ തെരഞ്ഞെടുത്തു പരിശീലിപ്പിക്കും. 

Leave a Reply

Your email address will not be published. Required fields are marked *