KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ പഴയ ബസ്സ്സ്റ്റാൻ്റ് സെപ്റ്റംബർ 8ന് പൊളിച്ചുമാറ്റും അതോടൊപ്പം പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ആരംഭിക്കും

കൊയിലാണ്ടി: നഗരസഭയുടെ പഴയ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിൻ്റെ പ്രൃവൃത്തി ഉടൻ ആരംഭിക്കും. 20 കോടി രൂപ നിർമ്മാണ ചെലവിൽ പട്ടണത്തിൽ  5 നിലകളിലായി പുതിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് സെപ്റ്റമ്പർ 8 ന് തുടക്കമാവും.  40 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണ  സമിതി ഉണ്ടാക്കിയ കെട്ടിടം ജീർണ്ണിച്ച് അസൌകര്യങ്ങളിൽ വീർപ്പുമുട്ടുന്ന അവസ്ഥ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമല്ലാതാവുകയും ചെയ്തതോടെയാണ് നഗരസഭ ഇത് പൊളിച്ച് മാറ്റി കൊയിലാണ്ടിയുടെ പ്രൌഡി വിളിച്ചോതുന്ന പുതിയ മനോഹരമായ കെട്ടിടം പണിയുന്നതിന് തയ്യാറായിട്ടുള്ളത്.  
കൊയിലാണ്ടിയിലെ വ്യാപാര മേഖലയ്ക്കാവശ്യമായ അത്യാധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന വിശാലമായ ഒരു നിർമ്മിതി കാലം ആവശ്യപ്പെടുന്നത് തിരിച്ചറിഞ്ഞാണ് പുതിയ കെട്ടിടമെന്ന ആശയത്തിലേക്ക് നഗരസഭ എത്തിച്ചേർന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആധുനിക സമുഹത്തിൻ്റെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് കെട്ടിടം  പുക്കിപ്പണിയാൻ  കോഴിക്കോട് NITയെ നഗരസഭ ചുമതലപ്പെടുത്തുകയായിരുന്നു.
ദേശീയപാതയോടു ചേർന്ന് വിശാലമായ ബസ് ബേയും അതിന് പടിഞ്ഞാറു വശത്തായി തലയുയത്തി നിൽക്കുന്ന കെട്ടിട സമുച്ചയവും നഗരസഭയുടെ ചിരകാല സ്വപ്നമായിരുന്നു. 5 നിലകളിലായി 5966 സ്ക്വയർ മീറ്ററിൽ 20 കോടി രൂപ പ്രതീക്ഷിക്കുന്ന  54 കടമുറികൾ, ആർട് ഗാലറി, വിശാലമായ ഓഫീസ് സൗകര്യം,  എക്സിബിഷൻ ഏരിയ, ആംഫി തിയേറ്റർ, കോൺഫറൻസ് ഹാൾ, വിശാലമായ കയറ്റിറക്ക് ഏരിയ,  2800 സ്ക്വയർ ഫീറ്റ് ഏരിയയിൽ 5 നിലകളിലും ശുചി മുറികൾ 100 കാറുകൾ അത്ര തന്നെ ബൈക്കുകൾ എന്നിവയ്ക്കുള്ള വിശാലമായ പാർക്കിംഗ് ഏരിയ എന്നിവയൊക്കെ ഒരുക്കിയെടുക്കുന്ന ഈ സമുച്ചയം നഗരത്തിനൊരു അലങ്കാരമായിത്തീരുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.
സാമ്പത്തികമായി പ്രയാസപ്പെടുന്ന കൊയിലാണ്ടി നഗരസഭയ്ക്കു പ്രതിവർഷം ഒരു കോടി രൂപ അധിക വരുമാനവും 20 കോടി രൂപ നിക്ഷേപവും നഗരസഭ ലക്ഷ്യമിടുന്നു. ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലയിടൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തി ഇതിനകം കഴിഞ്ഞു. കോഴിക്കോട്  NIT യുടെ ഭാവനയിൽ രൂപപ്പെടുത്തിയ കെട്ടിട മാതൃകയും എസ്റ്റിമേറ്റും എഞ്ചിനീയറിംഗ് കോളജിലെയും പ്രവർത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയിലെയും വിദഗ്ദരുമായി നഗരസഭാ കൗൺസിൽ ഉൾപ്പെടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്താണ് അന്തിമമായി അംഗീകാരം നൽകിയത്‌.
KURDFC യെന്ന സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനതേതിൽ നിന്നാണ് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു.
സപ്തംബർ 8 ന് പഴയ ബസ് സ്റ്റാന്റ് കെട്ടിടം പൊളിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിനാൽ നിലവിൽ ബസ് സ്റ്റാൻ്റിൽ ആളുകളെ നിർത്തി കയറ്റുന്ന ബസ്സുകൾ, നിലവിലുള്ള ബസ് ബേയിലൂടെ ഫ്ലൈ ഓവർ ഭാഗത്തേക്ക് വന്ന് ടൌൺ ഹാളിന് മുന്നിലൂടെ പുതിയ ബസ് സ്റ്റാന്റിൽ കയറി ഹൈവേയിലേക്ക് ഇറങ്ങുന്നതിനും. പഴയ ബസ് സ്റ്റാന്റിലെ ഓട്ടോ പാർക്കിംഗ് അവിടെ നിന്നും ഒഴിവാക്കുന്നതിനും കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് അഡ്വൈസറി സമിതി തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗതാഗത നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *