KOYILANDY DIARY.COM

The Perfect News Portal

റോഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നാളെ മുതൽ കടുത്ത പിഴ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന (ഭേദഗതി) നിയമം നാളെ മുതല്‍ സംസ്ഥാനത്ത് പ്രബല്യത്തിലാവുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിയോജിപ്പുകള്‍ പരിഗണിക്കാതെയാണ് നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും പിഴ അടയക്കാത്തവരുടെ വാഹനം പിടിച്ചെടുക്കുകയേ മാര്‍ഗ്ഗം ഉളളു എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ പിഴയിനത്തില്‍ ഒടുക്കേണ്ടിവരും.ഇരുചക്ര വാഹനങ്ങളുടെ പുറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണം.

Advertisements

അമിതവേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം, സിഗ്‌നല്‍ തെറ്റിച്ച്‌ വാഹനം ഓടിക്കുക ,ഓവര്‍ടേക്കിംഗ് ലൈസെന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക എന്നീ കുറ്റകൃതങ്ങള്‍ക്ക് 5000 രൂപയാണ് മിനിമം പിഴ.

മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ ആറ് മാസം തടവും 10000 രൂപ പിഴയും ഇടാക്കും. പ്രായ പൂര്‍ത്തിയാവാത്ത കുട്ടി വാഹനം ഓടിച്ചാല്‍ വാഹന ഉടമയായ രക്ഷിതാവിന് 25000 രൂപ പിഴ ചുമത്തും.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം റദ്ദാക്കും. വാഹനത്തിന്റെ രൂപഘടന മാറ്റിയാല്‍ 5000 രപ പിഴ ചുമത്തും. അമിത ഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍ക്ക് 20000 ആണ് പിഴ.

പിഴ ശിക്ഷക്ക് പുറമേ കുറ്റകൃത്യത്തില്‍ എര്‍പെടുന്ന വ്യക്തി സാമൂഹ്യ സേവനം ചെയ്യുകയും, ബോധവല്‍ക്കരണ ക്‌ളാസില്‍ പങ്കെടുക്കുകയും വേണം. നിയമം നടപ്പിലാക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്.

കേരളം പോലെ വാഹന ഉപഭോഗം കൂടിയ സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളില്‍ രജിസ്ട്രര്‍ ചെയ്യുന്നതില്‍ കൂടുതലും ഗതാഗത ലംഘന കേസുകള്‍ ആണെന്നിരിക്കെ പുതുക്കിയ ശിക്ഷ രീതികള്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

വാഹന നിയമത്തിന്‍റെ പുതിയ വ്യവസ്ഥകളെ പറ്റി കൂടുതല്‍ അറിയാം

1988-ന് ശേഷം, അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നിയമങ്ങളും, ചട്ടങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുകയാണ്. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്.

• പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഈ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് / രക്ഷിതാവിന് അഥവാ വാഹന ഉടമയ്ക്ക് 25,000/- രൂപ പിഴയും, 3 വര്‍ഷം തടവും മേല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ (ടലരശേീി 199 അ). തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ട കുറ്റം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.

• ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000/- രൂപ പിഴയിനത്തില്‍ ഒടുക്കേണ്ടിവരും (Section 194 B-Seat belt, 194 D-Helmet)

• ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുകയാണെങ്കില്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200/- രൂപ വീതം പിഴ ഒടുക്കേണ്ടിനവരും (Section 194 A)

• അമിത വേഗതയില്‍ വാഹനം ഓടിക്കുയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000/- രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടതാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കുന്നതാണ്.

• അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ 6 മാസത്തില്‍ കുറയാതെ 1 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000/- രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ അനുവിക്കേണ്ടിവരും. റെഡ് ലൈറ്റ് ജമ്ബിംഗ്, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.

• മദ്യപിച്ച്‌ വാഹനം ഓടിക്കുകയാണെങ്കില്‍
6 മാസം തടവും, 10,000/- രൂപ പിഴയും ഒടുക്കേണ്ടിവരും. ഇതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000/- രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും.

• ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടതാണ്. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കുന്നതിന് വാഹന ഉടമ 5000/- രൂപ പിഴ ഒടുക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000/- രൂപ.

• ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ വാലിഡിറ്റി എന്നിവയില്ലാതെ വാഹനം ഓടിക്കുന്നതിനി 10,000/- രൂപ പിഴ ഒടുക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 3 മാസം തടവും 4000/- രൂപ പിഴയും.

• ചരക്കു വാഹനത്തില്‍ അമിതഭാരം കയറ്റുന്നതിന് 20,000/- രൂപ പിഴയും അധികമായിട്ടുള്ള ഓരോ ടണ്ണിനും 2000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടിവരും.

• വാഹനത്തിന്റെ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടിവരും.

• നിലവില്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ 1-ാം തീയതി 10% വരെ വര്‍ദ്ധിക്കാവുന്നതാണ്.

• മേല്‍പ്പറഞ്ഞവ കൂടാതെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സെക്ഷന്‍ 177 പ്രകാരം 500/- രൂപ പിഴ ഒടുക്കേണ്ടിവരും. ആവര്‍ത്തിക്കുന്ന കുറ്റത്തിന് 1500/- രൂപയായും വര്‍ദ്ധിച്ചു. ട്രാഫിക് റെഗുലേഷന്‍ ലംഘിക്കുന്നവര്‍ക്ക് 500-ല്‍ കുറയാതെ 1000/- രൂപ വരെ പിഴ (പുതിയ വകുപ്പ് – 177 എ)

• നിലവിലുള്ള നിയമപ്രകാരം വാഹനം വാങ്ങിയ വ്യക്തി താമസിക്കുന്ന സ്ഥലം ഏത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലാണോ വരുന്നത് അവിടെ മാത്രമേ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.

അതുപോലെ തന്നെ ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തിക്ക് താന്‍ താമസിക്കുന്ന സ്ഥലം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് അവിടെ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് ഓഫീസില്‍ വേണമെങ്കിലും, വാഹനത്തിന്റെ ഉടമസ്ഥത അവകാശം മാറ്റാവുന്നതും, ലൈസന്‍സിന് അപേക്ഷിക്കാവുന്നതുമാണ്. പുതിയവാഹനം ഏത് ഓഫീസില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ വാഹന ഉടമയുടെ മേല്‍വിലാസം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് ആ ഓഫീസിലോ രജിസ്റ്റര്‍ നമ്ബര്‍ മാത്രമേ ലഭിക്കുകയുള്ളൂ.

• നിലവില്‍ വര്‍ദ്ധിപ്പിച്ച പിഴയ്ക്ക് പുറമെ കമ്മ്യൂണിറ്റി സര്‍വ്വീസും, ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

• ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി നിലവിലുള്ള 3 വര്‍ഷത്തിന് പകരം 5 വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിന് നിലവില്‍ അനുവദിച്ച്‌ നല്‍കിയിട്ടുള്ള ഒരു മാസത്തെ ഗ്രേഡ് പീരിയഡ് പുതിയ നിയമം നിലവില്‍ വരുന്നതോടു കൂടി അപ്രത്യക്ഷമാകുന്നതാണ്.

• ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുവാനുള്ള തീയതി കഴിഞ്ഞ് ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ടെസ്റ്റിന് ഹാജരായി വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി ലഭിക്കുകയുള്ളൂ.

• വാഹന ഡീലര്‍മാര്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍മാര്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ, വാര്‍ഷിക നികുതിയുടെ പത്ത് ഇരട്ടിയോളം പിഴയോ ചുമത്താവുന്നതാണ്.

• വാഹന നിര്‍മ്മാതാക്കള്‍ മോട്ടോര്‍ വാഹന നിയമത്തിലെ അദ്ധ്യായം 7-ന് വിരുദ്ധമായി അതായത് വാഹന നിര്‍മ്മാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ച്‌ വാഹനം വില്‍ക്കുക, വാഹനത്തിന് alteration വരുത്തുക തുടങ്ങിയവയ്ക്ക് 100 കോടി രൂപ വരെ പിഴ ചുമത്താവുന്നതാണ്. ഉടമ alteration വരുത്തുകയോ ഭാഗങ്ങള്‍ മാറ്റുകയോ ചെയ്താല്‍ 6 മാസം തടവും 5000/- രൂപ വരെ പിഴയും ചുമത്താവുന്നതാണ്. (വകുപ്പ് 182 എ)

Share news

Leave a Reply

Your email address will not be published. Required fields are marked *