കൊയിലാണ്ടി യേശുദാസിന്റെ ചികിത്സക്കായി സുമനസുകൾ കൈകോർക്കുന്നു

കൊയിലാണ്ടിക്കാരുടെ അഭിമാനവും ഗാന ഗന്ധർവ്വനുമായ കൊയിലാണ്ടി യേശുദാസിന്റെ ചികിത്സക്കായി സുമനസുകൾ കൈകോർക്കുന്നു.
കൊയിലാണ്ടി യേശുദാസ് അതെ… ഈ പേര് കേള്‍ക്കുമ്പോള്‍ ഗാനഗന്ധര്‍വ്വനെ അനുകരിച്ചു പാടുന്ന ഏതോ ഒരു ഗായകനെന്നു കരുതിയെങ്കില്‍ തെറ്റി. സംഗീതം പഠിക്കാതെ, ഗുരുക്കന്മാരില്ലാതെ 45 വര്‍ഷത്തെ സംഗീത ജീവിതം, ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജുകളിൽ ഗാനവിസ്മയം തീർത്ത് 52-ാം വയസ്സിലും സജീവ സാന്നിധ്യം..!! നമ്മുടെ യേശുദാസ്… ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പ്രയാസപ്പെടുകയാണ്.
1967ലെ തിരുപ്പിറവി ദിനത്തിലെ പുലർച്ചെ ജനിച്ചതിനാൽ പള്ളി വികാരിയാണ് യേശുദാസ് എന്ന പേര് ആദ്യമായി വിളിച്ചത്. ഏഴാം വയസ്സില്‍ കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തില്‍ ഗാനം ആലപിച്ചാണ് യേശുവിന്റെ തുടക്കം…!!!
കുട്ടപ്പൻ ഏലിയാമ്മ ദമ്പതികളുടെ മകനായി കൊയിലാണ്ടിയിൽ ജനിച്ച യേശുദാസ് കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ഏഴാം വയസ്സില്‍ കൊല്ലം അംബ തീയേറ്റേഴ്സില്‍ തുടങ്ങിയ ഗാന സപര്യ പിന്നീടങ്ങോട്ട് എസ് ‘ജാനകി, പി ‘സുശീല, മാധുരി, വാണി ജയറാം, പി ജയചന്ദ്രൻ, ജി വേണുഗോപാൽ, മനോ, മധു ബാലകൃഷ്ണൻ, സിതാര, ജ്യോത്സ്‌ന തുടങ്ങി എല്ലാ തലമുറയിലും ഉളള ഗായകരുമായി നിരവധി പ്രാവശ്യം വേദി പങ്കിട്ടു കഴിഞ്ഞ ഈ സ്നേഹഗായകന്ഏതു തരം ഗാനങ്ങളും വഴങ്ങും.
പ്രശസ്ത ഗായകനായ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ഒപ്പം പത്തു വർഷത്തോളം വേദികളില്‍ നിറഞ്ഞ ഇദ്ദേഹം, കോഴിക്കോട് സമൂറൻസ്, വോയ്‌സ് ഓഫ് കാലിക്കറ്റ്, വിക്ടറി വോയിസ്, തേജ് ബാൻഡ് എന്നിവയിലും തിളങ്ങി നില്‍ക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി രണ്ട് തവണ ഹൃദയ സ്തംഭനമുണ്ടാകുന്നത്. ഇപ്പോഴും കണ്ണൂരിലെ വാടക വീട്ടില്‍ കഴിയുന്ന ഭാര്യ ജൂഡിയ്ക്കും, മകൾ റിയ ജാസ്മിനും അത് തികച്ചും ആഘാതമായി മാറി. ബെെപാസ്സ് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മ്മാരുടെ നിര്‍ദ്ദേശം
എല്ലാ പരിമിതികളിലും മറികടന്ന്, പ്രായവും, ആരോഗ്യവും വെല്ലുന്ന കലാ പ്രകടനങ്ങളുമായി ഇന്നും തിളങ്ങുന്ന കൊയിലാണ്ടി യേശുദാസ് എന്ന ഗാന ലോകത്തെ വിസ്മയ ഗന്ധര്‍വ്വന് ഫ്ലവേഴ് ചാനലിന്റെ കോമഡി ഉല്‍സവത്തിന്റെ സ്നേഹാദരവു നല്‍കിയിരുന്നു. ചികിത്സക്കാവശ്യമായ പണമില്ലാതതെ ബുദ്ധിമുട്ടുന്ന യേശുദാസിനെ സഹായിക്കാനായി കൊയിലാണ്ടിയിലെ പൊതു സമൂഹം ആഗസ്റ്റ് 3 ന് കൊയിലാണ്ടി ടൗൺ ഹാളിൽ മധുരഗീതങ്ങൾ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.
പ്രമുഖ ഗായകരെ പങ്കെടുപ്പിച്ചാണ് പരിപാടി ഇതിലൂടെ യേശുവിന്റെ ചികിൽസക്കായി തുക സ്വരൂപിക്കാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. ടൗൺ ഹാളിൽ സ്ഥാപിക്കുന്ന പെട്ടികളിൽ സംഭവവനകൾ ഇടാനുള്ള അവസരമുണ്ടാവും. സാമ്പത്തിക സഹായം നൽകാൻ താല്പര്യപ്പെടുന്നവർക്ക് കൊയിലാണ്ടി യേശുദാസ് ചികിത്സാ സഹായ കമ്മിറ്റി എന്ന പേരിൽ കൊയിലാണ്ടി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
