KOYILANDY DIARY.COM

The Perfect News Portal

പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡ്പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

കോട്ടയം > പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡ്പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കങ്ങഴ മുണ്ടത്താനം കുര്യളാനിക്കല്‍ തോമസ് ജോണ്‍ (സിബിച്ചന്‍–49) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. എക്സൈസ്–ജയില്‍ അധികൃതരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സ്വന്തം പുരയിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരിക്കുമ്പോള്‍ ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് സിബിച്ചനെ അറസ്റ്റ് ചെയ്തത്. വ്യാജമദ്യവില്‍പ്പനക്കാരനെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയാണ് കഴിഞ്ഞ ബുധനാഴ്ച റിമാന്‍ഡ് ചെയ്തത്. രാത്രി 1.15 ഓടെ മരണം സംഭവിച്ചിട്ടും ശനിയാഴ്ച രാവിലെ ഏഴരയോടെ കറുകച്ചാല്‍ പൊലീസ് മുഖേനയാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കളും ജനപ്രതിനിധികളും താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയിലധികൃതരും ആശുപത്രി അധികൃതരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും ആക്ഷേപമുണ്ട്. മൃതദേഹത്തിന്റെ കൈവെള്ളയിലും പുറത്തും കാലിലും മുറിവുണ്ട്. വെള്ളിയാഴ്ച കാണാനെത്തിയപ്പോള്‍ ഈ മുറിവ് ഇല്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപസ്മാരം വന്ന് ജയിലിലെ ശുചിമുറിയില്‍ വീണു മരിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. ഭാര്യ: സാലമ്മ തോമസ്, മക്കള്‍: സ്നേഹ, സുബിന്‍.

Advertisements

 

Share news