ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുന്നു

കൊയിലാണ്ടി: കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുന്നു. പാലത്തിന്റെ കൈവരി നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചകൊണ്ട് ഇത് പൂര്‍ത്തിയാകും. ഇരുവശത്തുനിന്നും പാലത്തിലേക്ക് കയറുന്നതിന് ഇപ്പോള്‍ താത്‌കാലിക റോഡാണുള്ളത്. ഇതിലൂടെ കാല്‍നടയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കുണ്ട്. പാലത്തിലേക്കുള്ള സമീപ റോഡുകളുടെ നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കണം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി കെ. ദാസന്‍ എം.എല്‍.എ. പറഞ്ഞു.
പാലത്തിന് 8.45 മീറ്റര്‍ വീതിയുള്ളപ്പോള്‍ നിലവിലുള്ള റോഡിന് നാലുമീറ്റര്‍പോലും വീതിയില്ല. സ്ഥലം ഏറ്റെടുത്ത് റോഡ് വീതികൂട്ടിയാല്‍ മാത്രമേ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതികൊണ്ട് പൂര്‍ണ പ്രയോജനം ലഭിക്കുകയുള്ളൂ.

മൊത്തം 17 പില്ലറുകളാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനുള്ളത്. ഓരോ സ്പാനിനിടയിലും രണ്ടുവീതം ഷട്ടറുകളുണ്ട്. മൊത്തം 16 ഷട്ടറുകളാണുള്ളത്. പുഴത്തീരം ഇടിയുന്നത് തടയാന്‍ അരികുഭിത്തി നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പണിയും അന്തിമഘട്ടത്തിലാണ്.

നബാര്‍ഡിന്റെ സാമ്ബത്തിക സഹായത്തോടെ 20.18 കോടിരൂപ ചെലവിലാണ് ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. രാമന്‍പുഴയിലെ വെള്ളം കാര്‍ഷികാവശ്യത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുത്തുന്നതിന് 2009-ല്‍ മലബാര്‍ ഇറിഗേഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആസൂത്രണംചെയ്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മാണക്കരാര്‍.

