KOYILANDY DIARY.COM

The Perfect News Portal

രണ്ടര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍ വേ സ്റ്റേഷനില്‍ നിന്നും രണ്ടര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗലൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഒലവക്കോട്ടെത്തിച്ച് കാറിലേയ്ക്ക് മാറ്റുന്നതിനിടെയാണ് ഇന്‍കം ടാക്‌സ് അന്വേഷണ വിഭാഗം കുഴല്‍പ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന കുഴല്‍പ്പണമാണ് ഇന്‍കം ടാക്‌സ് അന്വേഷണ വിഭാഗം പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ ബംഗലൂരുവില്‍ നിന്നുമെത്തിയ ഐലന്റ് എക്‌സ്പ്രസില്‍ പണം കൊണ്ടുവന്ന പ്രതികള്‍ ഒലവക്കോട് റെയില്‍ വേ സ്റ്റേഷനിലിറങ്ങി കാര്‍ മാര്‍ഗം പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പണം കാറിലേയ്ക്ക് മാറ്റുന്നതിനിടെയാണ് ഇന്‍കം ടാക്‌സ് ജോയിന്റ് ഡയറക്ടര്‍ സഞ്ജയ് ജോസഫിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടുന്നത്.

സംഭവത്തില്‍ മലപ്പുറം ആനമങ്ങാട് സ്വദേശി ഷംസുദ്ദീന്‍, കൊടുവള്ളി സ്വദേശികളായ ഷബീര്‍ അലി, സക്കീര്‍ ഹുസൈന്‍, റഫീഖ് എന്നിവരെ അറസ്റ്റു ചെയ്തു. ഇതില്‍ ഷംസുദ്ദീനാണ് മുഖ്യപ്രതിയെന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ വ്യക്തമാക്കി. മറ്റു മൂന്നുപേര്‍ പണം കടത്തുന്ന ഇടനിലക്കാരാണ്. ട്രെയിനിലെത്തിയ മൂന്നുപേരില്‍ നിന്നും പണം വാങ്ങിയശേഷം കാറിന്റെ പ്രത്യേക അറകളിലേക്ക് മാറ്റിയാണ് കടത്താന്‍ ശ്രമിച്ചിരുന്നത്. തൃശൂര്‍ സ്വദേശിയുടേതാണ് കാര്‍. പാലക്കാട് വാളയാറില്‍ നിന്ന് കൈമാറിയ കുഴല്‍പ്പണവും കാറിലുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Advertisements
Share news